|

എമ്പുരാനില്‍ പൃഥ്വിയെ ഡയരക്ട് ചെയ്തത് അവര്‍: ശരിയായില്ലെങ്കില്‍ അത് പറയാന്‍ കപ്പാസിറ്റിയുള്ളവര്‍: സുജിത് വാസുദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പെര്‍ഫോമന്‍സുകൊണ്ടുമെല്ലാം മികച്ചു നില്‍ക്കുന്ന ഒരു ചിത്രമായാണ് എമ്പുരാന്‍ വിലയിരുത്തപ്പെടുന്നത്.

മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചിത്രം കൂടിയാണ് എമ്പുരാന്‍. വിവാദങ്ങള്‍ക്കിടിയുലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം.

മോഹന്‍ലാലിന്റെ അബ്രാം ഖുറേഷിയും മഞ്ജുവാര്യരുടെ പ്രിയദര്‍ശിനിയും ടൊവിനോയുടെ ജതിന്‍ രാംദാസും നിറഞ്ഞാടിയപ്പോള്‍ പെര്‍ഫോമന്‍സുകൊണ്ട് സയിദ് മസൂദായി ഞെട്ടിക്കാന്‍ പൃഥ്വിരാജിനും സാധിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യയില്‍ ഉറ്റവരും ബന്ധക്കളും നഷ്ടപ്പെട്ട സയിദ് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വി എത്തിയത്. അബ്രാം ഖുറേഷി ഗ്യാങ്ങിലെ മോസ്റ്റ് ഡേഞ്ചറസ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയും സയിദ് ആയിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന നിരവധി രംഗങ്ങളുണ്ട്. പൃഥ്വിരാജ് അഭിനയിച്ച രംഗങ്ങള്‍ എല്ലാം ആരായിരുന്നു സംവിധാനം ചെയ്തത് എന്ന് പറയുകയാണ് സിനിമാറ്റോഗ്രാഫര്‍ സുജിത് വാസുദേവ്.

പൃഥ്വിയോട് അഭിനയിച്ചത് ശരിയായില്ലെങ്കില്‍ ശരിയായിട്ടില്ലെന്നും ഒന്നുകൂടി നോക്കാമെന്നും പറയാന്‍ കപ്പാസിറ്റിയുള്ളവര്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് സുജിത് പറയുന്നത്.

‘ എമ്പുരാനില്‍ പൃഥ്വി അഭിനയിച്ച സീനുകള്‍ ഡയറക്ട് ചെയ്യാന്‍ പറ്റിയവര്‍ അവിടെ തന്നെയുണ്ട്. അസോസിയേറ്റ് ഡയറക്ടര്‍ വാവയുണ്ട്, നിര്‍മലുണ്ട്. അതുപോലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഇഷ്ടം പോലുണ്ട്.

എല്ലാവര്‍ക്കും ഇത്തരം കാര്യങ്ങള്‍ നന്നായിട്ട് അറിയാം. പിന്നെ ക്യാമറയുടെ പിറകില്‍ ഞാനുണ്ട്. ഫുള്‍ സ്‌ക്രിപ്റ്റ് എല്ലാവര്‍ക്കും അറിയാം.

അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ എന്തെങ്കിലും തരത്തില്‍ പ്ലോബ്ലം വന്നാല്‍, എന്തെങ്കിലും വേരിയേഷന്‍സ് വരികയാണെങ്കില്‍ നമുക്ക് ഒന്നുകൂടി ചെയ്താലോ എന്ന് ചോദിക്കാന്‍ കപ്പാസിറ്റിയുള്ള ഒരുപാട് പേരുണ്ട് അതിനകത്ത്.

അതൊരു വിഷയമേ അല്ല. പുള്ളിക്ക് ഈസിലി ആക്ഷന്‍ കട്ട് അവിടെ നിന്ന് പറയുകയും ചെയ്യാം അഭിനയിക്കുകയും ചെയ്യാം. അതൊരു ബോണ്ടിങ് ആണ്. അതൊരു വിശ്വാസമാണ്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വിശ്വാസം.

കൂടെ ഉള്ള ടീമും അങ്ങനെ ആണ്. അങ്ങനെ വിശ്വാസം ഉള്ളവര്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് എന്തും ചെയ്യാം. ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്ന് പറയില്ലേ. അതുപോലെ,’ സുജിത് പറയുന്നു.

ഒരു സംവിധായകന്‍ എന്ന നിലയിലും നടനെന്ന നിലയിലും പൃഥ്വിരാജില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിനും സുജിത് മറുപടി നല്‍കി.

‘ലൂസിഫറില്‍ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോള്‍ സിനിമയ്ക്ക് വേണ്ടി എനിക്ക് ലെന്‍സ് ചെക്ക് ചെയ്യാന്‍ പോകണം. ഞാന്‍ ഇന്ന ദിവസം പോകുന്നുണ്ട് രാജു വരുന്നുണ്ടോ എന്ന് ചോദിച്ചു.

വരണമെന്നുണ്ട് എന്ന് പറഞ്ഞു. എന്നാല്‍ നമുക്ക് പോകാമെന്ന് പറഞ്ഞു. അത് ഭയങ്കര ആരോഗ്യകരമായ പരിപാടിയാണ്. ആ ബോണ്ടിങ്.

വേറെ ഒരു ഡയറക്ടറും എന്റെ കൂടെ ലെന്‍സ് ചെക്ക് ചെയ്യാന്‍ ഇതുവരെ വന്നിട്ടില്ല. ഇവിടെ രാജുവിന്റെ ഗുണം ഈ ലെന്‍സിന് ഇത്ര റേഞ്ച് ആണ് എന്ന വ്യക്തത ഉണ്ട്.

ലൂസിഫറില്‍ ഞങ്ങള്‍ എടുത്തത് ഒരു കൈന്‍ഡ് ഓഫ് ലെന്‍സ് ആണ്. ഈ പ്രാവശ്യം കുറച്ച് കൂടുതല്‍ ലെന്‍സ് എടുത്തിരുന്നു. ചെറിയ വേരിയഷനാണ്. അങ്ങനെ ഒരു റേഞ്ച് അറിയുക എന്നത് സംവിധായകനെ സംബന്ധിച്ച് അത്യാവശ്യമാണ് എന്നാണ് എന്റെ പക്ഷം.

സിനിമ കൂട്ടായ വര്‍ക്കാണ്. അതിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും ഡിസ്‌കസ് ചെയ്ത് തീരുമാനിച്ച് വരുമ്പോഴാണ് അത് നന്നാവുക. രാജു വളരെ മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച ഭയങ്കര ക്യൂരിയസ് ആയിരുന്നു. അത്രയും കീന്‍ ആയി ചോദിക്കുന്ന വേറെ ആരേയും ഞാന്‍ കണ്ടിട്ടില്ല,’ സുജിത് പറഞ്ഞു.

Content Highlight: Who Direct Prithviraj on Empuraan, Cinematographer Sujith Vasiude Respond