| Wednesday, 25th October 2023, 4:19 pm

'എനിക്കറിയില്ല'; മെസിയോ എംബാപ്പെയോ? ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചോദ്യത്തില്‍ ലൂയിസ് എന്റിക്വ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലയണല്‍ മെസി, എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ എന്നീ താരങ്ങളിലൊരാള്‍ക്കാണ് ബാലണ്‍ ഡി ഓര്‍ ലഭിക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പുരസ്‌കാര ജേതാവ് ആരെന്ന് അറിയാന്‍ ഈ മാസം 30 വരെ കാത്തിരിക്കുക തന്നെ വേണം.

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചര്‍ച്ചക്കള്‍ക്കിടയില്‍ പി.എസ്.ജിയുടെ പരിശീലകന്‍ ലൂയിസ് എന്റിക്വിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണിപ്പോള്‍. ലയണല്‍ മെസിയാണോ കിലിയന്‍ എംബാപ്പെയാണോ ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനാവുക എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചാമ്പ്യന്‍സ് ലീഗില്‍ എ.സി മിലാനെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

പി.എസ്.ജി ജേഴ്സിയില്‍ ആകെ 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മെസിയുടെ പേരില്‍ ചേര്‍ക്കപ്പെടുമ്പോള്‍ എംബാപ്പെയുടെ പേരില്‍ 34ഉം ഹാലണ്ട് 52 ഗോളുകളുമാണ് അക്കൗണ്ടിലാക്കിയത്.

അതേസമയം, ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക.

Content Highlights: Who deserves to win the Ballon d’Or? I don’t know, says Luis Enrique

We use cookies to give you the best possible experience. Learn more