എന്റെ റിമോട്ട് കണ്‍ട്രോള്‍ കോണ്‍ഗ്രസിന്റെ കയ്യിലായിക്കോട്ടെ, നദ്ദയുടെ റിമോട്ട് ആരുടെ കയ്യിലാണ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ റിമോട്ട് കണ്‍ട്രോള്‍ കോണ്‍ഗ്രസിന്റെ കയ്യിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ജെ.പി നദ്ദയുടെ റിമോട്ട് കണ്‍ട്രോള്‍ ആരുടെ കയ്യിലാണെന്നും ഖാര്‍ഗെ പറഞ്ഞു.
സത്യം പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദി ബെലഗാവിയില്‍ വെച്ച് പറഞ്ഞിരുന്നു എന്റെ റിമോട്ട് കണ്‍ട്രോളില്‍ കോണ്‍ഗ്രസിന്റെ കയ്യിലാണെന്ന്. ശരി സമ്മതിച്ചു, എന്റെ റീമോട്ട് മറ്റൊരാളുടെ കയ്യിലാണ്. എങ്കില്‍ ജെ.പി നദ്ദയുടെ റിമോട്ട് എവിടെയാണ്,’ ഖാര്‍ഗെ ചോദിക്കുന്നു.
നദ്ദ ആരുടെ റിമോട്ട് കണ്‍ട്രോളിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പിക്ക് ധൈര്യമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
അടുത്തിടെയായിരുന്നു മോദി ഖാര്‍ഗെയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ റീമോട്ട് കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
Content Highlight: Who controls the remote of Nadda asks Kharge