| Thursday, 15th July 2021, 5:37 pm

വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളെ വൈറസിന്റെ കരുണക്കായി വിട്ടുകൊടുത്തിരിക്കുകയാണ്; രൂക്ഷവിമര്‍ശനവുമായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: വാക്‌സിന്‍ വിതരണത്തില്‍ നിലനില്‍ക്കുന്ന വേര്‍തിരിവിലും അസമത്വത്തിലും വിമര്‍ശനവും ആശങ്കയുമായി ലോകാരോഗ്യ സംഘടന. വാക്‌സിന്‍ വിതരണത്തിലെ നിലവിലെ വേര്‍തിരിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു.

വാക്‌സിനില്‍ മാത്രമല്ല, ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതേ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന് അഥാനം പറഞ്ഞു. കൊവിഡ് 19 എമര്‍ജന്‍സി കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരുന്നുകളുടെ വിതരണത്തിലെ തുല്യതയില്ലായ്മ മഹാമാരി നേരിടുന്നതില്‍ രണ്ട് വ്യത്യസ്ത പാതകള്‍ വെട്ടിത്തുറന്നിരിക്കുകയാണെന്ന് അഥാനം പറഞ്ഞു.

വാക്‌സിന്‍ ലഭ്യമായ രാജ്യങ്ങള്‍ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് എല്ലാ പൊതുയിടങ്ങളും തുറക്കുന്നു എന്നതാണ് ആദ്യത്തെ മാര്‍ഗം. വാക്‌സിന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളെ വൈറസിന്റെ കരുണയ്ക്ക് വിട്ടുകൊടുത്തിരിക്കുന്ന രീതിയാണ് രണ്ടാമത്തേതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി രാജ്യങ്ങള്‍ക്ക് ഇതുവരെയും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നും പലര്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നും അഥാനം പറഞ്ഞു.

സെപ്റ്റംബറില്‍ എല്ലാ രാജ്യങ്ങളും 10 ശതമാനം ജനങ്ങളെയെങ്കിലും വാക്‌സിനേറ്റ് ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശം. 2021 അവസാനം ആകുമ്പോഴേക്കും 40 ശതമാനം പേരും 2022 പകുതിയോടെ 70 ശതമാനം ജനങ്ങളും വാക്‌സിനേറ്റ് ചെയ്യപ്പെടാന്‍ ആവശ്യമായ നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ‘നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. നിലവില്‍ ഡെല്‍റ്റ വകഭേദം 111 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. വൈകാതെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ച കൊവിഡ് വകഭേദമായി ഡെല്‍റ്റ മാറും,’ ടെഡ്രോസ് അഥാനം പറഞ്ഞു.

ജനങ്ങള്‍ സഞ്ചരിക്കുന്നത് വര്‍ധിച്ചതും കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായും സ്ഥിരിതയോടെയും പാലിക്കാത്തതുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും യൂറോപ്പിലും അമേരിക്കയിലും വാക്സിനേഷന്‍ നിരക്ക് വര്‍ധിച്ചതും പ്രതീക്ഷ നല്‍കുന്നതായിരുന്നെന്നും എന്നാല്‍ നിലവില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: WHO chief Tedros Adhanom against Covid Vaccine disparity

We use cookies to give you the best possible experience. Learn more