| Wednesday, 10th January 2024, 10:49 pm

യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം; ഗസയിലേക്കുള്ള മാനുഷിക സഹായ ദൗത്യങ്ങള്‍ റദ്ദാക്കി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഗസയിലെ പൗരന്മാര്‍ക്കായുള്ള ആറ് മാനുഷിക സഹായ ദൗത്യങ്ങള്‍ റദ്ദാക്കി ലോകാരോഗ്യ സംഘടന. മെഡിക്കല്‍ സംഘങ്ങള്‍ക്കും യു.എന്‍ വാഹനവ്യൂഹങ്ങള്‍ക്കെതിരെയുമുള്ള ആക്രമണം ഇസ്രഈല്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സുരക്ഷാ പ്രശ്‌നങ്ങളെ അടിസ്ഥാമാക്കിയാണ് ദൗത്യം പിന്‍വലിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജനീവയില്‍ നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെയും മറ്റ് പങ്കാളികളുടെയും അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കാന്‍ ഇസ്രഈല്‍ ഭരണകൂടം തയ്യാറാവണമെന്നും അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.

ഡിസംബര്‍ 26ന് ആണ് അവസാനമായി ലോകാരോഗ്യ സംഘടന ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ചത്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച അഭ്യര്‍ത്ഥനകളും നിര്‍ദേശങ്ങളും ഇസ്രഈല്‍ നിരസിച്ചിരുന്നു.

തുടര്‍ന്ന് ഇസ്രഈല്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് കൃത്യമായ സുരക്ഷാ നടപടികള്‍ ഉണ്ടാവാത്തതിനാല്‍ ഗസയിലേക്കുള്ള ഒന്നിലധികം സഹായ ദൗത്യങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗസയിലെ പൗരന്മാര്‍ക്കിടയിലേക്ക് എത്തിച്ചേരുന്നതില്‍ നഗരത്തിലെ ഗതാഗത തടസം, തീവ്രമായ ബോംബാക്രമണം, ഇന്ധനക്ഷാമം, ആശയവിനിമയത്തിലെ നിയന്ത്രണം എന്നിവ തടസം സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിച്ചേരുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗസയിലെ പൗരന്മാര്‍ക്കുള്ള ലോകരാഷ്ട്രങ്ങളുടെ മാനുഷിക സഹായത്തില്‍ കുറവ് വരുത്തണമെന്ന് ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സ്വാധീനിക്കാനാണ് ഇസ്രഈല്‍ സൈന്യം ഇത്തരത്തില്‍ ഒരു പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഗസയിലെ ഫലസ്തീനികള്‍ നിലവില്‍ പട്ടിണിയില്‍ ആണെന്നാണ് വ്യക്തമാകുന്നത്.

Content Highlight: WHO cancels humanitarian aid missions to Gaza

We use cookies to give you the best possible experience. Learn more