ഗാംബിയയില്‍ 66 കുട്ടികള്‍ മരണപ്പെട്ടു; ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യു.എച്ച്.ഒ; വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപണം
World News
ഗാംബിയയില്‍ 66 കുട്ടികള്‍ മരണപ്പെട്ടു; ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യു.എച്ച്.ഒ; വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 8:47 am

ന്യൂയോര്‍ക്: ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അടുത്തിടെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഇതിന് കാരണം ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പാകാമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ പ്രതികരണം.

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് ഡബ്ല്യു.എച്ച്.ഒ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (Maiden Pharmaceuticals) നിര്‍മിച്ച പ്രൊമേത്തസിന്‍ ഓറല്‍ സൊലൂഷന്‍ (Maiden Pharmaceuticals), കോഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്(Kofexmalin Baby Cough Syrup), മേക്കോഫ് ബേബി കഫ് സിറപ്(Makoff Baby Cough Syrup), മാഗ്രിപ് എന്‍ കോള്‍ഡ് സിറപ്(Magrip N Cold Syrup) എന്നിവയ്‌ക്കെതിരെയാണ് അന്വേഷണമുണ്ടാകുക.

ഇവയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് വലിയതോതില്‍ ഉപയോഗിക്കുന്ന മരുന്നാണിവ.

നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ കഫ് സിറപ്പില്‍ കണ്ടെത്തിയതായും ഡബ്ല്യു.എച്ച്.ഒ ആരോപിച്ചു.

‘ഗാംബിയയില്‍ കണ്ടെത്തിയ നാല് മരുന്നുകള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരണപ്പെട്ട 66 കുട്ടികളിലും ഗുരുതരമായ വൃക്ക തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് നാല് മരുന്നുകളും,’ ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം പറയുന്നു.

മരുന്നുകള്‍ നിലവില്‍ ഗാംബിയയില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്തിരിക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരുന്ന് കഴിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കുട്ടികള്‍ക്ക് ശാരീരിക പ്രയാസങ്ങള്‍ രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങിയത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടികള്‍ക്ക് വൃക്ക രോഗവും കണ്ടെത്തിയതോടെയാണ് കാരണം സംബന്ധിച്ച അന്വേഷണം നടന്നത്.

മരുന്നുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്.

ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സ്ഥിതിചെയ്യുന്നത്. ഡബ്ല്യു.എച്ച്.ഒ പരാമർശിച്ച ഉത്പന്നങ്ങൾ നിർമിക്കാനുള്ള അനുമതിയുള്ള സ്ഥാപനമാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്. കമ്പനി ഇതുവരെ ഗാംബിയയിലേക്ക് മാത്രമാണ് ഈ ഉത്പന്നങ്ങൾ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത്.

ഇറക്കുമതി ചെയ്യുന്ന രാജ്യം ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന രീതിയാണഉള്ളതെന്ന് ​ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹരിയാനയിലും ഹിമാചൽ പ്രദേശിലുമായി രണ്ട് മരുന്ന് ഉത്പാദന യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. 2000 മുതലാണ് കമ്പനി മരുന്ന് കയറ്റുമതി ആരംഭിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫൈഡ് ആണ് ഇരു സ്ഥാപനങ്ങളും എന്ന് കമ്പനിയുടെ പേജിൽ സൂചിപ്പിക്കുന്നു.

ഇന്ത്യയുടൾപ്പെടെ വികസ്വര രാജ്യങ്ങളെ മരുന്നു കമ്പനികൾ പരീക്ഷണ ശാലകളാക്കി കണക്കായിരുന്ന കാല​ഘട്ടമുണ്ടായിരുന്നു. ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച മരുന്നുകളായിരുന്നു ഒരുകാലത്ത് മറ്റ് രാജ്യങ്ങൾ വിൽപന നടത്തിയിരുന്നത്. ​ഗിനിപന്നികളെപോലെയാണ് ഇന്ത്യുൾപ്പെടെയുള്ള രാജ്യങ്ങളെ കണ്ടിരുന്നത് എന്ന വിമർശനങ്ങളും അക്കാലത്ത് വ്യാപകമായിട്ടുണ്ടായിരുന്നു.

സുരക്ഷ ചട്ടം പാലിക്കാതെയും വ്യക്തമായ ക്വാളിറ്റി ടെസ്റ്റ് നടത്താതെയും അക്കാലത്ത് മരുന്നുകൾ പരീക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനിക്ക് നേരെയാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള വിമർശനം ലോകാരോ​ഗ്യ സംഘടന നടത്തിയിരിക്കുന്നത്.

2000 മുതലാണ് കമ്പനി മരുന്ന് കയറ്റുമതി ആരംഭിച്ചത്. ഇത്രകാലം കമ്പനി ലോകത്തിന്റെ പല ഭാ​ഗത്തേകേകും കയറ്റുമതി ചെയ്ത മരുന്നുകളെ സംബന്ധിച്ച് ശക്തമായ അന്വേഷമം നടത്തണമെന്ന നിർദേശങ്ങളും ഇതോടെ പലഭാ​ഗത്തുനിന്നും ഉയരുന്നുണ്ട്.

Content Highlight: WHO calls for investigation against Indian cough syrups; It is alleged that it contains toxic substances, four medicines involved in the list