| Saturday, 21st May 2022, 7:49 am

യൂറോപ്പില്‍ മങ്കിപോക്‌സ് കേസുകള്‍ നൂറ് കടന്നു; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: യൂറോപ്പില്‍ മങ്കിപോക്‌സ്  കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്.

പടിഞ്ഞാറന്‍- സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന മങ്കിപോക്‌സിന്‍റെ 100ലധികം കേസുകളാണ് യൂറോപ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഡബ്ല്യു.എച്ച്.ഒ അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്തത്.

ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും സംശയമുള്ള കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ബെല്‍ജിയത്തില്‍ അഞ്ച് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെയാണ് യൂറോപ്പില്‍ രോഗപ്പകര്‍ച്ചയുടെ ആശങ്കയുണ്ടായത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് കുരങ്ങുപനി പടരാറുള്ളത്.

മങ്കിപോക്‌സിന്റെ എക്കാലത്തെയും വലിയ പകര്‍ച്ചയാണ് യൂറോപ്പില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് ജര്‍മനി വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, കൊവിഡ് പടര്‍ന്നുപിടിച്ചത് പോലെ വലിയൊരു മഹാമാരിയായി മങ്കിപോക്‌സ് പകര്‍ച്ച മാറില്ലെന്നാണ് വിദഗ്ധരുടെ പ്രതികരണം. കോറോണ വൈറസിന്റെ പോലെ അത്ര എളുപ്പത്തിലും വേഗത്തിലും പടരുന്നല്ല കുരങ്ങുപനിക്ക് കാരണമായ വൈറസ് എന്നത് തന്നെയാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് മങ്കിപോക്‌സിന്‍റെ സാധാരണ ലക്ഷണങ്ങള്‍.

Content Highlight: WHO calls emergency meeting as monkeypox cases crossed hundred in Europe

We use cookies to give you the best possible experience. Learn more