തൂത്തുക്കുടി: തൂത്തുക്കുടിയില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ രജനീകാന്തിനെതിരെ ക്ഷുഭിതനായി പരിക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന യുവാവ്. ജനറല്‍ ആശുപത്രിയിലെത്തിയ രജനീയോട് സന്തോഷ് എന്ന യുവാവ് നിങ്ങളാരാണെന്ന് ചോദിക്കുകയായിരുന്നു.
ഓള്‍ കോളേജ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്ന സംഘടന രൂപീകരിച്ച് സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതലുണ്ടായിരുന്ന വ്യക്തിയാണ് ബി.കോം ബിരുദധാരിയായ സന്തോഷ്. യുവാവിന്റെ ചോദ്യത്തിന് മുന്നില്‍ താന്‍ രജനിയാണെന്ന് പറഞ്ഞ് മടങ്ങുകയാണ് രജനീകാന്ത് ചെയ്തത്.
തൂത്തുക്കുടിയില്‍ ആദ്യം പൊലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്‌നാട് ചുടുകാട് ആവുമെന്നും സാമൂഹ്യ ദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞിരുന്നു. രജനിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
“”തൂത്തുക്കുടിയില്‍ 100 ദിവസത്തിലധികമായി ഞങ്ങള്‍ പ്രതിഷേധം നടത്തി. അപ്പോഴൊന്നും രജനീകാന്ത് വരികയോ പിന്തുണ നല്‍കുകയോ ചെയ്തില്ല. പ്രതിഷേധത്തിനെതിരായ വെടിവെയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു, കുറേ പേര്‍ ചികിത്സയില്‍ കഴിയുന്നു അപ്പൊഴൊന്നും വാ തുറക്കാന്‍ അദ്ദേഹത്തിനായില്ല. ഇപ്പോള്‍ എന്തിനാണ് അയാള്‍ വന്നത്. പ്ലാന്റ് പൂട്ടിയെന്ന സാഹചര്യത്തിലാണ് വരാന്‍ തയ്യാറായിട്ടുള്ളത്. പ്ലാന്റ് പൂട്ടിയിരുന്നില്ലെങ്കില്‍ അദ്ദേഹം വരുമായിരുന്നില്ല.”” സന്തോഷ് പറഞ്ഞു.
നേരത്തെ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മന്ത്രി കടംമ്പൂര്‍ സി. രാജുവിനെയും മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും സന്തോഷ് ചോദ്യം ചെയ്തിരുന്നു. മെയ് 27നാണ് രാജു ആശുപത്രിയിലെത്തിയിരുന്നത്. പരിക്കേറ്റവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഒ. പനീര്‍ശെല്‍വമെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.