പട്ന: ഇന്‍ഡിഗോ എയര്‍ലൈന്‍ മാനേജരുടെ കൊലപാതകവുമായുള്ള ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍പില്‍ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍.
”നിങ്ങള്‍ക്ക് എന്തെങ്കിലും സൂചനകള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍അത് പൊലീസുമായി പങ്കിടുക, അല്ലെങ്കില്‍ കേസ് നിങ്ങള്‍ തന്നെ തെളിയിക്കൂ” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള നിതീഷിന്റെ വെല്ലുവിളി.
‘നിങ്ങള്‍ വളരെ മഹാനാണല്ലോ, നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്? ഞാന്‍ നിങ്ങളോട് നേരിട്ട് ചോദിക്കുകയാണ്’ എന്‍.ഡി.ടിവി റിപ്പോര്‍ട്ടറോട് നിതീഷ് ചോദിച്ചു.
’15 വര്‍ഷം ഭരിച്ചവര്‍ ഇവിടെ ഉണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഭരിച്ചപ്പോള്‍ വളരെയധികം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ അത് എടുത്തുകാണിക്കാത്തത്?’ 1990 കളില്‍ ബീഹാര്‍ ഭരിച്ച മുഖ്യമന്ത്രി ലാലു യാദവിന്റെയും ഭാര്യ റാബ്രി ദേവിയുടെയും പേര് പരാമര്‍ശിക്കാതെ നിതീഷ് പറഞ്ഞു.
‘ഇവിടെ എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം ഞങ്ങള്‍ നടപടിയെടുക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ നിങ്ങള്‍ക്ക് പ്രത്യേക ഉപദേശം നല്‍കി പറഞ്ഞുവിടുന്നവരെ നിങ്ങള്‍ പരിശീലിപ്പിക്കേണ്ടതുണ്ട്.’, എന്നായിരുന്നു നിതീഷ് പറഞ്ഞത്.
ഇപ്പോള്‍ നടന്നതിന്റെ കുറ്റകൃത്യം എന്ന് വിളിക്കരുത്. അത് ഒരു കൊലപാതകമാണ്. ആ കൊലപാതകത്തിന് പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ട്. ആ കാരണം നാം കാണേണ്ടതുണ്ട്. പൊലീസ് ഇത് പരിശോധിക്കുന്നുണ്ടെന്നും നിതീഷ് പറഞ്ഞു.
താന്‍ പൊലീസ് മേധാവിയോട് സംസാരിക്കുമെന്നും ആരാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുമെന്നും നിതീഷ് പറഞ്ഞു.
എന്നാല്‍ പൊലീസ് മേധാവിമാര്‍ തങ്ങളുടെ കോളുകള്‍ എടുക്കാറില്ലെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞപ്പോള്‍ നിതീഷ് അവിടെ വെച്ച് തന്നെ പൊലീസിനെ ഫോണില്‍ ബന്ധപ്പെടുകയും പരിഹാരം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം നിതീഷിന്റെ നടപടിക്കെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
‘നിതീഷ് കുമാര്‍ കുറ്റവാളികളുടെ മുമ്പാകെ കീഴടങ്ങിയിരിക്കുകയാണെന്നും കുറ്റകൃത്യങ്ങള്‍ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നതെന്നും തേജസ്വി പറഞ്ഞു.
ഹാരപ്പ നാഗരികതയുടെ കാലത്തും കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ് അദ്ദേഹം താരതമ്യം ചെയ്യുകയാണ്. മാത്രമല്ല അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കുറ്റവാളികള്‍ ആരാണെന്ന് അറിയാമോ എന്ന് ചോദിക്കുന്നു. ഇദ്ദേഹം എന്ത് മുഖ്യമന്ത്രിയാണ്, തേജസ്വി ചോദിച്ചു.
കൊലപാതകത്തിനെതിരെ പ്രതിപക്ഷത്തില്‍ നിന്ന് മാത്രമല്ല, സഖ്യകക്ഷിയായ ബി.ജെ.പിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നിതീഷ് നേരിടുന്നുണ്ട്.
ബീഹാറിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് രൂപേഷ് സിംഗ് തന്റെ വസതിയുടെ മുന്‍പില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. വീട്ടിലേക്ക് കാറിലെത്തിയ അദ്ദേഹം ഗേറ്റ് തുറക്കുന്നതും കാത്ത് കാറില്‍ ഇരിക്കുമ്പോഴായിരുന്നു ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്. നിതീഷ് കുമാറിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെ വെച്ചായിരുന്നു സംഭവം നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക