| Tuesday, 11th January 2022, 10:46 am

സിനിമയിലെ ക്രിമനലുകള്‍ | ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്മൂടിവെക്കുന്നതാര്

ഷഫീഖ് താമരശ്ശേരി

സമീപകാല കേരളത്തില്‍ ഏറെ നടുക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു 2017 ഫെബ്രുവരിയില്‍ എറണാകുളത്ത് വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. നടന്‍ ദിലീപ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലായതോടെ സംഭവം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ക്രൂരമായ വിവേചനങ്ങളുടെയും പീഡനങ്ങളുടെയും നിരവധി വസ്തുതകളാണ് പിന്നീട് പുറത്തുവന്നത്.

നിരവധി സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ ഒരു സമിതിയെ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടര വര്‍ഷത്തെ പഠനത്തിനും തെളിവെടുപ്പുകള്‍ക്കും ശേഷം 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സിനിമാരംഗത്തെ സ്ത്രീകളുടെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സമിതിയുടെ പ്രധാന ചുമതല. ഇതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 34,49,156(മുപ്പത്തിനാല് ലക്ഷത്തി നാല്‍പത്തി ഒന്‍പതിനായിരത്തി ഒരുനൂറ്റി അന്‍പത്തിയാറു രൂപ)യാണ്.

പൊതുഖജനാവില്‍ നിന്നും ഇത്രയധികം രൂപ ചെലവഴിച്ച് തയ്യാറാക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും ഈ റിപ്പോര്‍ട്ട് ഇതുവരെ പുറം ലോകം കണ്ടിട്ടില്ല. അതിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടുമില്ല. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വാക്കുകളില്‍ മാത്രം ഒതുങ്ങി.

നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനുമായി നടന്ന ഗൂഡാലോചനകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോന്നായി ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ മറ്റ് പലരിലേക്കും അന്വേഷണങ്ങള്‍ നീങ്ങിയേക്കാവുന്ന സാഹചര്യങ്ങളും നലനില്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ അത്തരത്തിലുള്ളവയാണ്.

സിനിമാ രംഗത്ത് സെക്‌സ് റാക്കറ്റുകള്‍ അടക്കമുള്ള ഒരു വലിയ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ള ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, എന്തുകൊണ്ട് അവയെകുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂടിവെയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും ബാധ്യതയുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു സമിതി സര്‍ക്കാറിന് റിപ്പോര്ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ വന്ന മാധ്യമ വാര്‍ത്തകള്‍.

15 പേരെങ്കിലും അടങ്ങുന്ന ശക്തമായ ലോബിയാണ് മലയാള സിനിമാ ലോകത്തുള്ളത്. ഇതിലൊരാള്‍മാത്രം തീരുമാനിച്ചാല്‍പ്പോലും അവര്‍ക്കിഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്തുനിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ തലങ്ങളിലുള്ളവരുണ്ട്, ചൂഷണം നേരിട്ടവര്‍ കമ്മിറ്റിക്കു തെളിവ് നല്‍കാതിരിക്കാന്‍ ഈ ലോബി ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

വ്യക്തിപരമായ പരാമര്‍ശങ്ങളും കേസുകളും റിപ്പോര്‍ട്ടിലുണ്ടെന്നതാണ് റിപ്പോര്‍ട്ട് പുറത്ത് വിടാതിരിക്കുന്നതിനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കമ്മീഷന് മുമ്പാകെ മൊഴി കൊടുക്കുമ്പോള്‍ ആരുടെയും വ്യക്തിഗത വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് കമ്മീഷന്‍ ഇരകളാക്കപ്പെട്ടവരോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ വിശദീകരണം വിശ്വസനീയമല്ലയ. അതു തന്നെയുമല്ല, സര്‍ക്കാറിന്റെ ഈ ന്യായം റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണവുമല്ല.

കഴിഞ്ഞ സര്‍ക്കാറിന്റ കാലത്ത് എം ഉമ്മര്‍, പി.കെ ബഷീര്‍ എന്നീ എം.എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അന്നത്തെ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു. അപ്പോഴും ഹേമ കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്നത് പുറത്ത് പറയാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

താരസംഘടനയായ എ.എം.എം.എ സിനിമാ രംഗത്ത് സ്്ത്രീകള്‍ നേരിടുന്ന സവിശേഷമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള പരാതികളെ മുഖവിലക്കെടുക്കാതെ കുറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഏതാനും വനിതാ സിനിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അഥവാ ഡബ്ല്യു.സി.സി എന്ന പേരില്‍ ബദല്‍ കൂട്ടായ്മ ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു എല്ലാത്തിന്‍രെയും തുടക്കം.

സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 2013ലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് ആക്ട് ഉയര്‍ത്തിപ്പിടിച്ചാണ് ഡബ്ല്യു.സി.സി കോടതിയെ സമീപിച്ചത്.

നടിമാരായ പത്മപ്രിയയും റിമാ കല്ലിങ്കലും നല്‍കിയ ഹര്‍ജിയില്‍ എ.എം.എം.എയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 2018 ഒക്ടോബര്‍ 16ന് അന്നത്തെ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ സിനിമാ സെറ്റുകളിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്‍മേലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഹേമ കമ്മീഷനിലെ അംഗങ്ങള്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ കമ്മീഷനിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുവെന്നാണ് സമിതിക്ക് നല്‍കിയ നടിമാര്‍ പറയുന്നത്.

തങ്ങളുടെ സഹപ്രര്‍ത്തക നേരിട്ട ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ അവള്‍ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി സിനിമ രംഗത്തെ നിശ്ചയദാര്‍ഡ്യമുള്ള ഒരുകൂട്ടം സ്ത്രീകള്‍ തുടങ്ങിവെച്ച പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട നടി എല്ലാ പൊതു ഇടങ്ങളില്‍ നിന്നും അദൃശ്യമാവുകയും പീഡകര്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുകയും ചെയ്യുന്ന ഈ കാലത്ത് നീതിക്ക് വേണ്ടി ഉയര്‍ത്താന്‍ കഴിയുന്ന പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരിക എന്നത്. സര്‍ക്കാര്‍ ആരുടെ പക്ഷത്താണ് എന്ന് തുറന്നുപറയേണ്ടതുണ്ട്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ഇനിയും എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ട്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍