ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന. കളം നിറഞ്ഞു കളിച്ചെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഗോള്‍ നേടാന്‍ കഴിയാത്ത മത്സരത്തില്‍ രണ്ട് യുവ താരങ്ങളാണ് സ്‌കോറര്‍മാരായത്. 48ാം മിനിട്ടില്‍ മാക് അലിസ്റ്ററും 67ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. മെസി പെനാല്‍ട്ടി പാഴാക്കുന്നതിനും മത്സരം സാക്ഷിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു മാക് അലിസ്റ്ററിന്റെ ഗോള്‍. മൊളിനയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ വെച്ച് അലിസ്റ്റര്‍ ഉതിര്‍ത്ത സൂപ്പര്‍ ഷോട്ട് പോളിഷ് പ്രതിരോധമതിലിനെയും ഗോള്‍കീപ്പറേയും മറികടന്ന് ഗോള്‍വല തൊടുകയായിരുന്നു. മാക് അലിസ്റ്ററനെ തന്നെയാണ് ഈ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്.
23കാരനായ മാക് അലിസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണിയുടെ താരമാണ്. 2019ല്‍ അര്‍ജന്റൈന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ മാക് അലിസ്റ്ററിനായിരുന്നു. എന്നാല്‍ ഇതുവരെ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പോളണ്ടിനെതിരെ നേടിയത് നാഷണല്‍ ജേഴ്‌സിയില്‍ തന്റെ ആദ്യ ഗോളാണ്.
പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് രണ്ടാം ഗോള്‍ നേടിയ 22 കാരനായ ജൂലിയന്‍ അല്‍വാരസ്. അറ്റാക്കിങ് പൊസിഷനിലാണ് താരം കളിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനമാണ് അല്‍വാരസ് നാഷണല്‍ ജേഴ്‌സിയില്‍ പുറത്തെടുക്കുന്നത്.
ലോകകപ്പിന് മുമ്പ് യു.എ.ഇക്കെതിരായി നടന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത് ജൂലിയന്‍ അല്‍വാരസായിരുന്നു. ഏകപക്ഷീയമായ അഞ്ച് ഗോളിനായിരുന്നു അന്ന് അര്‍ജന്റീന വിജയിച്ചിരുന്നത്.
പോളണ്ടുമായുള്ള വിജയത്തിന് ശേഷം, കുട്ടിക്കാലത്ത് അല്‍വാരസ് മെസിയുമായുള്ള ഒരു ചിത്രത്തില്‍ തന്റെ മുഖം കാണിക്കാന്‍വേണ്ടി ശ്രമിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.