ഇന്ത്യയില്‍ ഏറ്റവും അധികം സുരക്ഷയുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടത്തിലെ എല്ലാ സുരക്ഷകളും മറികടന്നുകൊണ്ട് പ്രതിഷേധവുമായി എത്തിയവര്‍ ആരൊക്കെയാണ്. എന്താണ് ഇവരുടെ പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍.
രാജ്യത്ത് ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യങ്ങളോട് കൂടി രണ്ട് യുവാക്കള്‍ കളര്‍ സ്‌മോക്കുകളുമായി ലോക്‌സഭയില്‍ എം.പിമാര്‍ ഇരിക്കുന്ന ചേമ്പറിലേക്ക് എടുത്തുചാടുകയുണ്ടായി. ഇതേ മുദ്രാവാക്യത്തോടൊപ്പം വന്ദേ മാതരം, ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് പുറത്തും രണ്ട് പേര്‍ പ്രതിഷേധിച്ചു.
ബിരുദവും ബിരുദാന്തരബിരുദവും നേടിയിട്ടും തൊഴിലില്ലായ്മ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയാണ് പ്രതിഷേധത്തിന് കാരണമായതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയും സാധാരണക്കാരന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും പൊലീസിന്റെ പിടിയിലായിട്ടും പ്രതിഷേധക്കാര്‍ ആണയിട്ടുകൊണ്ട് ഉന്നയിച്ചു.
പ്രതിഷേധക്കാരില്‍ ഒരാളായ മനോരഞ്ജന്‍ മൈസൂര്‍ സ്വദേശിയാണ്. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഐ.ടിയില്‍ ബിരുദം നേടിയ 33കാരനായ യുവാവ്. ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മനോരഞ്ജന്‍ നിലവില്‍ കര്‍ഷകനായ തന്റെ അച്ഛന്‍ ദേവരാജ് ഗൗഡയെ കൃഷിയില്‍ സഹായിക്കുകയാണ്. ഒരുപാട് പഠിച്ചിട്ടും ആഗ്രഹിച്ച ഇടങ്ങളില്‍ എത്താന്‍ കഴിയാത്തതിനാല്‍ മകന്‍ നിരാശനായിരുന്നുവെന്ന് പ്രതിഷേധത്തെ തുടര്‍ന്ന് മൈസൂരിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മനോരഞ്ജന്റെ അച്ഛന്‍ പറയുന്നുണ്ട്.
‘ഈ പ്രതിഷേധത്തിന് പിന്നില്‍ എന്റെ മകനുണ്ടെങ്കില്‍ അത് വലിയ തെറ്റ് തന്നെയാണ്. എന്നാല്‍ എന്റെ മകന്‍ ഒരു നല്ല യുവാവായിരുന്നു. പഠിക്കുന്ന കാലത്ത് കോളേജില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നു മനോരഞ്ജന്. പക്ഷെ പാര്‍ലമെറ്റിലെ പ്രതിഷേധത്തെ ഞാന്‍ അംഗീകരിക്കുന്നില്ല,’ ദേവരാജ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
37കാരിയായ ഹരിയാന ജിന്‍ഡ് സ്വദേശി നീലം ആസാദ് ഒരു ബിരുദധാരിയാണ്. എം.എ, ബി.എഡ്, എം.എഡ്, എംഫില്‍ ബിരുദവും നെറ്റും നേടിയ നീലം ഒരു തൊഴില്‍രഹിതയായി തുടരുന്നു. പാര്‍ലമെന്റിന് പുറത്ത് സര്‍ക്കാരിന്റെ ഏകാധിപത്യത്തിന് എതിരെ ആഞ്ഞടിച്ചത് നീലം ആസാദായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ ആദ്യമായി അല്ല നീലം ശബ്ദം ഉയര്‍ത്തുന്നത്. കാര്‍ഷിക സമരത്തിലും ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നീലം തെരുവിലിറങ്ങിയിട്ടുണ്ട്.
ലോക്‌സഭാ പ്രതിഷേധത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നീലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുന്നുണ്ട്. ഹരിയാനയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉള്ളപ്പോള്‍ എന്തുകൊണ്ട് പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് ഈ സംവരണം നല്‍കുന്നില്ലായെന്ന് നീലം ഇന്ത്യയിലെ അധികാരികളോട് ശക്തമായി ചോദിക്കുന്നുണ്ട്. ഇന്ത്യയിലെ ദളിതര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച വ്യക്തി കൂടിയാണ് നീലം ആസാദ്.
വരാന്‍ പോകുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതില്‍ നിന്ന് വെച്ച കാലുകള്‍ പിന്നോട്ടെടുക്കില്ലായെന്നാണ് അറസ്റ്റിലായവരില്‍ ഒരാളായ ലഖ്നൗ സ്വദേശി 25 കാരനായ സാഗര്‍ ശര്‍മ പ്രതിഷേധത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സ്വപ്നങ്ങള്‍ നേടണമെങ്കില്‍ അതിന് വേണ്ടി പ്രയത്‌നിക്കണം അല്ലാത്തപക്ഷം ജീവിതം വ്യര്‍ത്ഥമായിരിക്കുമെന്നും ഓട്ടോറിക്ഷ ഡ്രൈവറായ സാഗര്‍ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന സാഗറിന് ഇടക്കാലങ്ങളില്‍ ആ ജോലിയും നഷ്ടപ്പെട്ടിരുന്നു. അഭിനയത്തില്‍ മോഹമുണ്ടായിരുന്ന സാഗര്‍ ശര്‍മ ഭഗത് സിങിന്റെ കടുത്ത ആരാധകന്‍ ആയിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ 25 കാരനായ അമോല്‍ ഷിന്‍ഡെയാണ് വന്ദേ മാതരം വിളിച്ചുകൊണ്ട് പാര്‍ലമെന്റിന് പുറത്തായി പ്രതിഷേധിച്ചത്. ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നെങ്കിലും അതില്‍ പരാജയപ്പെട്ട അമോലും നിലവില്‍ ഒരു തൊഴിരഹിതനായി തുടരുന്നു. തനിക്ക് ജോലി കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്താണ് എന്റെ വിദ്യാഭ്യാസം കൊണ്ട് എനിക്ക് പ്രയോജനമുള്ളത് എന്ന് തന്നോട് നിരന്തരം ചോദിക്കുമായിരുന്നുവെന്ന് അമോലിന്റെ അമ്മ പറയുന്നു.
ഈ നാല് പേരെ കൂടാതെ പ്രതി സ്ഥാനത്ത് രണ്ട് പേരും കൂടി ഉണ്ട്. പാര്‍ലമെറ്റില്‍ പ്രതിഷേധം നടത്തിയവര്‍ക്ക് പുറമെ നിന്ന് സഹായം ചെയ്തുകൊടുത്തവര്‍. അതില്‍ ഒരാളെ ഇപ്പോഴും ദല്‍ഹി പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവരാണെങ്കിലും എല്ലാവരും സമൂഹ മാധ്യമങ്ങള്‍ വഴി പരിചയക്കാര്‍. എല്ലാവരും പല സമയങ്ങളില്‍ പല രീതികളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ലമെറ്റില്‍ പ്രതിഷേധിച്ച നാല് പേരുടെയും മേല്‍ യു.എ.പി.എ ചുമത്തിയിരിക്കുകയാണ്.
ഇവരുടെ പ്രതിഷേധത്തിന് പിന്നിലെ സത്യം എന്താണെന്ന് തുടരന്വേഷണത്തിലൂടെ മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളു.
Content Highlight: Who are the real protesters who bypassed Lok Sabha security