ആരാണ് മാപ്പിള ഖലാസികള്‍, എന്താണ് ഇവരുടെ ചരിത്രം ?
Malayalam Cinema
ആരാണ് മാപ്പിള ഖലാസികള്‍, എന്താണ് ഇവരുടെ ചരിത്രം ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd September 2020, 11:25 pm

മാപ്പിള ഖലാസികള്‍ വീണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഒരേ ദിവസം ഖലാസികളെ കുറിച്ച് രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചതോടെയാണ് ആരാണ് ഖലാസികള്‍ എന്നും എന്താണ് ഖലാസികളുടെ പ്രത്യേകതയെന്നും അന്വേഷണം ആരംഭിച്ചത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടന്‍ ദിലീപുമാണ് ഒരേ് ദിവസം തന്നെ ഖലാസിമാരെ കുറിച്ച് വ്യത്യസ്ത സിനിമകള്‍ പ്രഖ്യാപിച്ചത്. മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ഖലാസി എന്ന് പേരിട്ടിരിക്കുന്ന ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത് ഫ്ളവേഴ്സ് ടി.വിയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ മിഥിലാജ് ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആരാണ് മാപ്പിള ഖലാസികള്‍ ?

കോഴിക്കോടിലെ ബേപ്പൂര്‍ മുതല്‍ അങ്ങ് മക്ക വരെ നീളുന്നതാണ് മാപ്പിള ഖലാസിമാരുടെ ചരിത്രവും പെരുമയും. ഒരൊറ്റ സിനിമയില്‍ ഒതുങ്ങാത്ത ചരിത്രവും കഥകളും മാപ്പിള ഖലാസിമാര്‍ക്ക് പറയാന്‍ ഉണ്ട്.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികള്‍. തുറമുഖങ്ങളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അറബിയിലുള്ള പദമാണ് ഖലാസി.

കറുപ്പും വെളുപ്പും കൂടിക്കലര്‍ന്നത് എന്ന അര്‍ഥമുള്ള ‘ഖിലാസി’ എന്ന അറബി പദത്തില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ഉരു നിര്‍മ്മാണത്തിന് ലോക പ്രസിദ്ധമായ ബേപ്പൂരിലെ കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളെയാണ് ഖലാസികള്‍ എന്ന് പൊതുവെ അറിയപ്പെടുന്നത്.

മലബാറിലെ മുസ്‌ലിം മതവിഭാഗത്തില്‍ നിന്നുള്ളവരാണാണ് പ്രധാനമായും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്.

കപ്പലിനേയും ഉരുവിന്റെയും നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂര്‍ത്തിയാക്കി കരയില്‍ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി പ്രധാനമായും ഖലാസികളുടെ തൊഴില്‍.

എന്നാല്‍ ഇതിനായി യാതൊരുവിധ ആധുനിക യന്ത്രങ്ങളും ഖലാസിമാര്‍ ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. കപ്പി,കയര്‍,ഡബ്ബര്‍ തുടങ്ങിയ ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിത്തുന്നത്. മികച്ച മുങ്ങല്‍ വൈദഗ്ദ്യമുള്ളവരുമാണ് മാപ്പിള ഖലാസികള്‍.

‘ജോര്‍സേ യാ അള്ളാ
യാ അള്ളാ ജോര്‍സേ
യാ അള്ളാ ജോര്‍ സേ, മാലി ജോര്‍സേ….’ എന്ന ഈരടികളാണ് പലപ്പോഴും പണിയുടെ കാഠിന്യം അറിയാതിരിക്കാന്‍ ഈരടികളാണ് തൊഴിലാളികള്‍ ഉറക്കെ ചൊല്ലാറുള്ളത്.

ഖലാസികള്‍ ചരിത്രത്തിലെ ഏടുകള്‍

കേരളത്തിന് പുറമെ രാജ്യത്തിന്റെ പലഭാഗങ്ങളിലും അറബി നാടുകളിലും പല വന്‍കിട നിര്‍മ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ കൈകള്‍ പതിഞ്ഞിട്ടുണ്ട.് ഉരുവിന്റെ പണികളല്ലാതെ കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിച്ചത് മുതല്‍ മക്കയിലെ പടുകൂറ്റന്‍ ക്ലോക്ക് നിര്‍മ്മാണത്തില്‍ വരെ ഖലാസികളുടെ കരുത്ത് ഉണ്ടായിരുന്നു.

1988 ജൂലായില്‍ പെരുമണ്‍ തീവണ്ടി ദുരന്തത്തില്‍ 80 പേരുടെ ജീവന്‍ അപഹരിച്ച് ഐലന്‍ഡ് എക്സ്പ്രസ്സിെന്റ ബോഗികള്‍ അഷ്ടമുടിക്കായലില്‍ പതിച്ചപ്പോള്‍ ബോഗികള്‍ പൊക്കിയെടുക്കാന്‍ സഹായിച്ചത് ബേപ്പൂരില്‍ നിന്നുള്ള ഖലാസികളായിരുന്നു.

റെയില്‍വേയുടെ ക്രെയ്നുകള്‍ പരാജയപ്പെട്ടിടത്താണ് 35 ഓളം വരുന്ന ഖലാസികളുടെ കരുത്ത് വിജയിച്ചത്. ആദ്യദിനത്തില്‍ ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവര്‍ ഉച്ചയ്ക്ക് ശേഷം കായലില്‍ ഒന്നിന് മീതെ ഒന്നായി കിടന്നിരുന്ന രണ്ട് ബോഗികളിലൊന്ന് വലിച്ച് കായലിലേക്ക്
മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ബോധ്യം വന്നത്. അടുത്ത ദിവസങ്ങളിലായി ഇവര്‍ വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു.

പിന്നീട് സ്ഥലത്തെത്തിയ സൈന്യത്തിന് ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുത്തത് ഖലാസികള്‍ ആയിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തില്‍ വീണ ഒന്‍പത് ബോഗികളും അവര്‍ കരയ്‌ക്കെത്തിച്ചു.

കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിച്ച ചരിത്രവും ഖലാസികള്‍ക്ക് ഉണ്ട്. ക്രെയിനുകളുടെ സഹായത്താല്‍ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ ഖലാസികളുടെ സഹായം തേടിയത്.

ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി, കൊങ്കണ്‍ റെയില്‍ പാത മക്കയിലെ മക്ക റോയല്‍ ക്ലോക്ക് ടവറിന്റെ നിര്‍മ്മാണം എന്നിവയിലും മാപ്പിള ഖലാസികള്‍ ഉണ്ടായിരുന്നു.

68 മാപ്പിള ഖലാസികളാണ് മക്കയിലെ ഘടികാര ഗോപുരത്തിന്റെ ഉച്ചിയിലെ നിര്‍മാണത്തില്‍ ഉണ്ടായിരുന്നത്. ഇരുടെ തലവനായി ഫോര്‍മാന്‍ ചാലിയം ലൈലാ മന്‍സിലില്‍ എന്‍.സി. മുഹമ്മദ് ഹനീഫയായിരുന്നു.

 

ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവിനെ യാതൊരു പോറലുമേല്‍പ്പിക്കാതെ കടലിറക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

Content Highlights: Who are the Mappila Khalasis and what is their history