ഹേഗ്: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാര്‍ ചര്‍ച്ചയില്‍. ഫ്രാന്‍സ്, ബെനിന്‍, സ്ലോവേനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാരാണ് നെതന്യാഹുവിനും ഇസ്രഈല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പ്രീ-ട്രയല്‍ ചേംബര്‍ 1 എന്നറിയപ്പെടുന്ന പാനലാണ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രീ-ട്രയല്‍, ട്രയല്‍, അപ്പീല്‍ ചേമ്പറുകള്‍ അടക്കമുള്ള വിവിധ പാനലുകളില്‍ പ്രവര്‍ത്തിക്കുന്ന 18 ജഡ്ജിമാരാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉള്ളത്.
ജഡ്ജി നിക്കോളാസ് ഗില്ലൂ, ജഡ്ജി റെയ്ന്‍ അലപിനി-ഗന്‍സൗ, ജഡ്ജി ബെറ്റി ഹോഹ്‌ലര്‍ എന്നിവരാണ് നെതന്യാഹുവിനെതിരെ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ജഡ്ജി റെയ്ന്‍ അലപിനി-ഗന്‍സൗ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.
ദക്ഷിണാഫ്രിക്കയാണ് ആദ്യമായി ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര കോടതികളില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഇറാന്‍, യെമന്‍, സ്‌പെയിന്‍, തുര്‍ക്കി, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ നീക്കത്തെ പിന്തുണക്കുകയും ചെയ്തു.
പിന്നാലെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം ഉന്നയിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഫ്രാന്‍സില്‍ നിന്നുള്ള ജഡ്ജി നിക്കോളാസ് ഗില്ലൂവാണ് ഇസ്രഈലിനെതിരായ നടപടിയില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഇദ്ദേഹം ചേംബറിന്റെ അധ്യക്ഷന്‍ കൂടിയാണ്. 2024 മാര്‍ച്ച് 11 മുതലാണ് നിക്കോളാസിന്റെ ചേംബര്‍ സേവനം ആരംഭിച്ചത്.
2015 മുതല്‍ 2019 വരെ ലെബനനായുള്ള പ്രത്യേക ട്രൈബ്യൂണലിന്റെ പ്രസിഡന്റായും നിക്കോളാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബെനിനില്‍ നിന്നുള്ള റെയ്ന്‍ അലപിനി-ഗന്‍സൗയാണ് മറ്റൊരു ജഡ്ജി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് കൂടിയാണ് റെയ്ന്‍. നെതന്യാഹുവിന് പുറമെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും റെയ്ന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
2009 മുതല്‍ 2012 വരെ ആഫ്രിക്കന്‍ പ്രാഥമിക മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടര്‍ എന്നീ നിലകളിലും റെയ്ന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, മാലി, മ്യാന്‍മര്‍, ബൊളീവിയ, ബെലാറസ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന കേസുകള്‍ പരിഗണിച്ച ജഡ്ജി കൂടിയാണ്.
സ്ലോവേനിയയില്‍ നിന്നുള്ള ജഡ്ജിയായ ബെറ്റി അപ്രതീക്ഷിതമായാണ് പ്രീ-ട്രയല്‍ ചേംബറിലേക്ക് എത്തുന്നത്. മുന്‍ ജഡ്ജിയായ യൂലിയ മോട്ടോക്കിന് പെട്ടെന്നുണ്ടായ ആരോഗ്യസംബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബെറ്റി ചേംബറില്‍ നിയമിതയായത്.
ഐ.സി.സിയിലെ ഫലസ്തീന്റെ അംഗത്വത്തെ കുറിച്ച് ഒരു ചട്ടക്കൂടും വിശദമായ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച ജഡ്ജി കൂടിയാണ് ബെറ്റി.
അതേസമയം നെതന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരേയും അറസ്റ്റ് വാറണ്ടുണ്ട്. കോടതിയുടെ അധികാര പരിധിയെ സംബന്ധിച്ചുള്ള ഇസ്രഈലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി അറസ്റ്റ് വാറണ്ട് സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ടുകള്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ.സി.സിയുടെ 124 അംഗരാജ്യങ്ങളാണ്. എന്നാല്‍ ഈ അംഗങ്ങളില്‍ ഇസ്രഈലോ സഖ്യകക്ഷിയായ അമേരിക്കയോ ഉള്‍പ്പെടുന്നില്ല.
വാറണ്ടിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സിയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
Content Highlight: Who are the judges issued arrest warrants against Netanyahu?