വാഷിങ്ടണ്‍: യു.എസിന് അപകടമായ വ്യക്തികളാരൊക്കെയെന്ന ചോദ്യത്തിന് എ.ഐ ചാറ്റ്‌ബോട്ടായ ഗ്രോക് ത്രീ നല്‍കിയ മറുപടിയില്‍ കുടുങ്ങി ഇലോണ്‍ മസ്‌ക്. രാജ്യത്തിന് അപകടമായ മൂന്ന് വ്യക്തികള്‍ ആരൊക്കെയാണെന്ന് ഗ്രോക് ത്രീയോട് ഒരാള്‍ ചോദിക്കുകയായിരുന്നു.
തുടര്‍ന്ന് ഗ്രോക് നല്‍കിയ മറുപടിയില്‍, ഒന്നാമതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രണ്ടാമതായി ടെസ്‌ല സി.ഇ.ഒയും ഗ്രോകിന്റെ ഉടമസ്ഥനുമായ മസ്‌ക്, മൂന്നാമതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്.
മറുപടി ലഭിച്ചതോടെ ചോദ്യം ചോദിച്ച വ്യക്തി ഗ്രോക് നല്‍കിയ മറുപടി എക്സില്‍ പങ്കുവെച്ചു. തുടര്‍ന്ന് നിരവധി ആളുകള്‍ ഗ്രോക്കിനോട് സമാനമായ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും ലഭിച്ച ഉത്തരം ഒന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ഫെബ്രുവരി 22നാണ് ഗ്രോക്കിനോട് ചാറ്റ്‌ബോട്ട് ഉപയോക്താവ് പ്രസ്തുത ചോദ്യം ഉന്നയിച്ചത്.
അതേസമയം സമാനമായ ചോദ്യം ഇന്ന് (ഫെബ്രുവരി 23) ഗ്രോക്കിനോട് ഉന്നയിച്ചപ്പോള്‍, ഒന്നാമതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, രണ്ടാമതായി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി എന്നിങ്ങനെയാണ് മറുപടി ലഭിച്ചത്.
ഇതിനിടെ യു.എസിന് അപകടമായ യു.എസ് പൗരന്മാര്‍ ആരൊക്കെയെന്ന ചോദ്യത്തിന് ഗ്രോക് നല്‍കുന്ന ലിസ്റ്റില്‍ ട്രംപിന്റെ പേരുണ്ടെന്ന പ്രതികരണവും നിലവില്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച എ.ഐ ചാറ്റ്‌ബോട്ടെന്ന് അവകാശപ്പെട്ടതാണ് മസ്‌ക് ഗ്രോക് ത്രീ പുറത്തിറക്കിയത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എ.ഐയാണ് ഗ്രോക് ത്രീ വികസിപ്പിച്ചത്. അടുത്തിടെ ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ ലോകത്ത് നിലവിലുള്ള എല്ലാ എ.ഐ മോഡലുകളെയും മറികടക്കാന്‍ ഗ്രോക് ത്രീക്ക് കഴിയുമെന്ന് മസ്‌ക് അവകാശപ്പെട്ടിരുന്നു.
എ.ഐ മേഖലയിലെ പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ചാറ്റ് ജി.പി.ടിക്കും ഗൂഗിളിന്റെ ജെമിനിക്കും ഗ്രോക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയുടെ സ്ഥാപകരില്‍ ഒരാളാണ് മസ്‌ക്. എന്നാല്‍ പിന്നീട് ഓപ്പണ്‍ എ.ഐക്കെതിരെ മസ്‌ക് തന്നെ പലതവണ വിമര്‍ശനം ഉന്നയിക്കുകയാണ് ഉണ്ടായത്.
Content Highlight: Who are the individuals who are a danger to the US? Grok listed trump and musk