| Sunday, 26th November 2017, 3:49 pm

എന്തുകൊണ്ട് തീവ്രവാദികള്‍ സൂഫികളെ വെറുക്കുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമിന്റെ ഒരു ആത്മീയ രൂപമാണ് സൂഫിസം. ഭൗതികതയെ ത്യജിച്ചുകൊണ്ട് നമുക്കുള്ളിലെ ദൈവത്തെ തേടുകയെന്നതിനാണ് സൂഫിസം ഊന്നല്‍ നല്‍കുന്നത്. 13 ാം നൂറ്റാണ്ടില്‍ ഇറാനിയന്‍ കവിയായ റൂമിയുടെ പ്രണയ കാവ്യങ്ങള്‍ പോലെ അതിമഹത്തായ ഒട്ടേറെ സാഹിത്യ സൃഷ്ടികള്‍ സൂഫിസം ലോകത്തിന് സംഭാവന നല്‍കി. എല്ലാ മതങ്ങളിലേയും മത തീവ്രവാദികള്‍ക്ക് ഇല്ലാതെ പോകുന്ന ഗുണങ്ങളായ ബഹുസ്വരതയും സഹിഷ്ണുതയും ആധുനിക കാലത്ത് സൂഫി അനുയായികള്‍ പുലര്‍ത്തിപ്പോരുന്നു.

എന്നാല്‍ ഇസ്ലാമിക ആദ്ധ്യാത്മദര്‍ശനം എന്നുകൂടി അറിയപ്പെടുന്ന സൂഫിസം അടുത്തിടെയായി ഹിംസാത്മകമായ ആക്രമണങ്ങള്‍ നേരിടുകയാണ്. വെള്ളിയാഴ്ച ഈജിപ്തിലെ വടക്കന്‍ സിനായിലെ സൂഫി പള്ളിയ്ക്കു നേരെയുണ്ടായ ആക്രമണമുണ്ടായി. 305 പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തെ ആധുനിക ഈജിപ്ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണെന്നാണ് ഔദ്യോഗിക വക്താക്കള്‍ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സുന്നി തീവ്രവാദികള്‍ പാകിസ്ഥാനിലെ സൂഫി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭവവും. (ചുരുക്കം ചിലര്‍ ഷിയാക്കളാണെങ്കിലും സൂഫികളില്‍ ഭൂരിപക്ഷവും സുന്നികളാണ്)

എന്താണ് സൂഫിസമെന്ന ഇസ്ലാമിക വിശ്വാസ രീതി? എന്തുകൊണ്ടിത് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്?

സൂഫിസത്തിന്റെ വേരുകളും പ്രവര്‍ത്തനങ്ങളും

അറബിയില്‍ തസവ്വുഫ് (ആത്മ സംസ്‌കരണം) എന്നറിയപ്പെടുന്ന സൂഫിസം ആത്മാവലോകനത്തിനും ദൈവവുമായുള്ള ആത്മീയ അടുപ്പത്തിനും ഊന്നല്‍ നല്‍കുന്ന ഇസ്ലാമിക ആദ്ധ്യാത്മദര്‍ശനമാണ്.

ഇസ്ലാമിലെ ഒരു വിഭാഗമായി സൂഫിസം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരം വിഭാഗങ്ങള്‍ക്ക് അതീതമായി അനുയായികളുടെ ശ്രദ്ധ “ആത്മ”ത്തിലേക്ക് കേന്ദ്രീകരിക്കാന്‍ നിര്‍ദേശിക്കുന്ന വിശാലമായ ഒരു ആരാധനാ രീതിയാണിത്. ലൗകികമായ കാര്യങ്ങളെ പരിത്യജിച്ച് ആത്മാവിനെ ശുദ്ധീകരിച്ചുകൊണ്ട് ദൈവത്തിന്റെ പ്രകൃതം ഗഹനമായി വിഭാവനം ചെയ്യുന്നതിനാണ് സൂഫിസം ശ്രദ്ധനല്‍കുന്നത്. ത്വരീഖത്ത് എന്നറിയപ്പെടുന്ന ആത്മീയ മുറ സ്വായത്തമാക്കിക്കൊണ്ട് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ സൂഫി അനുയായികള്‍ ശ്രമിക്കുന്നു.

മുസ്ലീങ്ങള്‍ക്കിടയില്‍ വരെ സൂഫിസത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പതിവായിരുന്നെന്ന് ഈജിപ്ഷ്യന്‍ വംശപരമ്പരയില്‍പ്പെട്ട അമേരിക്കന്‍ സൂഫി വര്യനും പാശ്ചാത്യ രാജ്യങ്ങളില്‍ മിതവാദ ഇസ്ലാമിനെ പ്രചരിപ്പിക്കുന്ന കോര്‍ഡോബ ഹൗസിന്റെ സ്ഥാപകനും വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ മതപ്രഭാഷണം നടത്തുന്ന വ്യക്തിയുമായ ഇമാം ഫൈസല്‍ അബ്ദുല്‍ റഊഫ് പറയുന്നു.

“ഇസ്ലാമിന്റെ ആത്മീയ വ്യാപ്തിയെന്നതിനപ്പുറം മറ്റൊന്നുമല്ല സൂഫിസം” എന്നാണ് ഇമാം ഫൈസലിന്റെ അനിയായി ഫോണ്‍ ഇന്റര്‍വ്യൂയില്‍ പറഞ്ഞത്. “ഇത് ഇസ്ലാം തന്നെയാണ്, പക്ഷേ മുസ്ലീങ്ങള്‍ക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ഹൃദയം തുറയ്ക്കാന്‍ സഹായിക്കുന്ന ധ്യാനത്തിലും മന്ത്രണത്തിനുമൊക്കെയാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. മുസ്ലീകളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള എല്ലാ തെറ്റിദ്ധാരണകളും സൂഫികളെക്കുറിച്ചുമുണ്ട്.”

12 ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ സാമൂഹിക വ്യവസ്ഥിതികള്‍ക്കുള്ള മുഖ്യ വീക്ഷണ ഗതിയായിരുന്നു സൂഫിസം. അന്നുമുതല്‍ മുസ്ലിം ലോകത്തുടനീളവും ചൈനയിലേക്കും പശ്ചിമാഫ്രിക്കയിലേക്കും യു.എസിലേക്കും സൂഫിസം വ്യാപിച്ചു. അറബി രാജ്യങ്ങളിലേക്കും ചൈന, ആഫ്രിക്ക, അമേരിക്ക തുടങ്ങിയിടങ്ങളിലേക്കും സൂഫിസം വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇത്തരത്തില്‍ പ്രചരിക്കുന്നതിനൊപ്പം പ്രാദേശിക സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഘടകങ്ങള്‍ കൂടി സ്വീകരിച്ചത് സൂഫിസത്തെക്കൂടുതല്‍ ജനകീയമാക്കി.

സുന്നി, ശിയാ പാരമ്പര്യങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന “അടുക്കംചിട്ടയുമില്ലാത്ത, വിശാലമായ മുന്നേറ്റം” എന്നാണ് മോഡേണ്‍ സൂഫിസത്തിലെ വിദഗ്ദനും മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഇസ്മാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസറുമായ അലക്സാണ്ടര്‍ ഡി ക്നിഷ് സൂഫിസത്തെ വിശേഷിപ്പിക്കുന്നത്.

നൂറ്റാണ്ടുകളോളം കലയേയും സാഹിത്യത്തേയും രൂപപ്പെടുത്തിയത് സൂഫിസമായിരുന്നു. 8ാം നൂറ്റാണ്ടുമുതല്‍ 13 നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിലെ സുവര്‍ണകാലത്തെ റൂമിയുടെ കവിതയുള്‍പ്പെടെ പല മഹത്തായ സൃഷ്ടികളും സൂഫിസവുമായി ബന്ധപ്പെട്ടതായിരുന്നു.

ആധുനിക കാലഘട്ടത്തില്‍ സൂഫി ഇസ്ലാമിന്റെ പ്രബലമായ കാഴ്ചപ്പാട് “സ്നേഹം, സമാധാനം സഹിഷ്ണുത എന്നതാണ്” എന്ന് ക്നിഷ് വിശദീകരിക്കുന്നു. അത് സൂഫിസത്തെ സമാധാന കാംഷിയായ ഇസ്‌ലാമിന്റെ പര്യായമായി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് തീവ്രവാദികള്‍ സൂഫികളെ ലക്ഷ്യമിടുന്നു?

ചില മുസ്ലീങ്ങളെ സൂഫികളെ വിചിത്രസ്വഭാവമുള്ളവരും ഭ്രാന്തന്മാരുമായി കാണുമ്പോള്‍ ചില മതമൗലികവാദികളും തീവ്രവാദികളും സൂഫിസത്തെ ഭീഷണിയായും സൂഫി അനുയായികളെ മതനിഷേധികളും മതപരിത്യാഗികളുമായാണ് കാണുന്നത്.

ഫെബ്രുവരിയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദക്ഷിണ പാകിസ്ഥാനിലെ ഒരു സൂഫി തത്വ ചിന്തകന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്ന അനുചരന്മാര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 80ലേറെ പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ അവരെ വിശേഷിപ്പിച്ചത് ബഹുദൈവാരാധകര്‍ എന്നാണ്. സൂഫികളെ സംബന്ധിച്ച് പ്രധാനമാണ് ശവകുടീരത്തിനു മുമ്പിലെ പ്രാര്‍ത്ഥന. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഇത്തരത്തില്‍ പ്രാര്‍ത്ഥന നടത്തിയ സൂഫികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സുന്നി ഇസ്ലാമിന്റെ മൗലികരൂപം മാത്രമാണ് യഥാര്‍ത്ഥം എന്ന വിശ്വാസം കാരണമാണ് ഇസ്ലാമിക് സ്റ്റേറ്റ് സൂഫികളെ ലക്ഷ്യമിടുന്നത്. ശിയാ വിഭാഗങ്ങള്‍ക്കിടയിലുള്ള പുരോഹിതന്മാരോടുള്ള ആരാധനയെ ചില മൗലികവാദികള്‍ വിഗ്രഹാരാധന അല്ലെങ്കില്‍ മൂര്‍ത്തി പൂജയായാണ് കാണുന്നത്. സൂഫി സന്യാസിമാര്‍ 632ല്‍ മരിച്ച പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തെ യഥാര്‍ത്ഥ ഇസ്ലാമിക രീതിയുടെ ഭാഗമല്ലാത്തതിനാല്‍ സൂഫികളെ മതനിഷേധികളായി ചിലര്‍ കാണുന്നു.

“സൂഫിസത്തിന്റെ എതിരാളികള്‍ ദര്‍ഗകളെയും ജീവിച്ചിരിക്കുന്ന സൂഫിസന്യാസിമാരെയും വിഗ്രഹങ്ങളായാണ് കാണുന്നത്.”ക്നഷ് വിശദീകരിക്കുന്നു. “സൂഫികളുടെ നിലനില്‍പും ആരാധനയും ഏക ദൈവ വിശ്വാസമെന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ നിഷേധിക്കുന്നതാണെന്നാണ് അവര്‍ കരുതുന്നു. ”

സുന്നി തീവ്രചിന്താഗതിക്കാര്‍ കാലങ്ങളായി സൂഫികളേയും ശിയാക്കളേയും മതനിഷേധികളായാണ് കണ്ടതെങ്കില്‍ അല്‍ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദി സംഘടനകള്‍ സൂഫികളെ കൊല്ലുന്നത് നിതീകരിക്കാനുമോയെന്നത് സംബന്ധിച്ച് സംവാദം നടത്തിയിരുന്നു.

“വിദൂര ശത്രുക്കളായ” അമേരിക്കയെപ്പോലുള്ള പാശ്ചാത്യ രാജ്യങ്ങളെയാണോ “സമീപ ശത്രുക്കളായ” ഇസ്ലാമിക രാജ്യങ്ങളിലെ സര്‍ക്കാറിനെയോ നേരിടേണ്ടത് എന്ന കാര്യത്തില്‍ ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ തുടക്കകാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍ഗാമികള്‍ മതത്തിനുള്ളില്‍ വിഭാഗീയത വളര്‍ത്താമെന്ന ലക്ഷ്യമിട്ട് ഇറാഖിന്റെ ശിയാ ഭൂരിപക്ഷമേഖല ആക്രമിച്ചപ്പോള്‍ ആ സംഘത്തിന്റെ നേതാവായിരുന്ന അബു മുസബ് അല്‍ സര്‍ഖാവിയെ ഇതിന്റെ പേരില്‍ അല്‍ഖയിദ വിമര്‍ശിച്ചിരുന്നു.

2012 ല്‍ വടക്കന്‍ മാലിയുടെ ചില പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഒരു വിഭാഗം അല്‍ഖ്വയ്ദ തീവ്രവാദികള്‍ ബുള്‍ഡോസറും പിക്കാസും ഉപയോഗിച്ച് ടിംബുക്തിലെ ഒരു സൂഫി ആചാര്യന്റെ ഖബറിടം തകര്‍ക്കുകയുണ്ടായി. എന്നാല്‍ വടക്കന്‍ മാലിയില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ വെളിപ്പെടുത്തുന്നത് നേതാക്കളുടെ അനുമതിയില്ലാതെയാണ് തീവ്രവാദികള്‍ ഇത് ചെയ്തതെന്നാണ്. ദൈവശാസ്ത്രപരമായി ഈ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെട്ടാലും അത് പ്രദേശവാസികള്‍ തങ്ങള്‍ക്കെതിരെ തിരിയാന്‍ കാരണമായെന്ന് വാദിച്ച് സംഘടനാ നേതാക്കള്‍ ഇക്കാര്യത്തിലെ അവരുടെ അഭിപ്രായ ഭിന്നത എഴുതിയറിയിക്കുകയും ചെയ്തിരുന്നു.

പിന്നീടും അല്‍ഖയിദ സൂഫി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും സൂഫികള്‍ക്കെതിരെ ക്രൂരമായ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സ്വയം വിട്ടുനില്‍ക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തത്.

ഈജിപ്തിലെ സൂഫികളുടെ അവസ്ഥ

ഈജിപ്തിലെ സൂഫി പള്ളിക്ക് നേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദി ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും ഈജിപ്തിലെ കോപ്ടിക് ക്രിസ്ത്യാനികള്‍ക്കുനേരെ നടന്ന മുന്‍ ആക്രമണത്തില്‍ ചിലതിന്റെ അടയാളങ്ങള്‍ ഇത് പേറുന്നുണ്ട്. 100 വയസോളം പ്രായമുള്ള സൂഫി പുരോഹിതനെ കൊലപ്പെടുത്തിയതായി 2016ന്റെ അവസാനകാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക നേതാവ് അവകാശപ്പെട്ടിരുന്നു.

സൂഫി ആരാധനാ രീതിയോടുള്ള മതമൗലികവാദികളുടെ മതപരമായ എതിര്‍പ്പ് മാത്രമായിരിക്കില്ല സൂഫികള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍. ഈജിപ്ഷ്യന്‍ സര്‍ക്കാറും സൂഫികളും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധങ്ങളും കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ആക്രമണത്തിന് രാഷ്ട്രീയമായ മാനം നല്‍കുന്നുണ്ട്.

നാടകീയമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലെത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുനല്‍കിയിരുന്നു. മുര്‍സിയുടെ പാര്‍ട്ടിയായ മുസ് ലിം ബ്രദര്‍ഹുഡ് അധികാരത്തിലിരിക്കുന്ന കാലത്ത് അകറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു ഈ മതന്യൂനപക്ഷ വിഭാഗം. സൂഫികളെ കൊന്നുകൊണ്ട് സിസിയുടെ പരമാധികാരത്തിന് തടയിടാനാവാം തീവ്രവാദികള്‍ ശ്രമിക്കുന്നത്.

മറ്റു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെന്ന പോലെ ഈജിപ്ത് ഗവണ്‍മെന്റും സൂഫികളെ അനുകൂലിക്കുന്നുണ്ട്. കാരണം സൂഫികളുടെ ലോകം ആത്മീയതയാണ് എന്നതിനാല്‍ ഭരണകൂടത്തെ സംബന്ധിച്ച് അവര്‍ രാഷ്ട്രീയ കാര്യങ്ങളിലൊന്നും ഇടപെടാന്‍ സാധ്യതയില്ലാത്ത ഒരു വിഭാഗമാണ്.

സൂഫി ശൈഖുമാര്‍ പൊതുവെ രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കുന്നവരാണ്. ഇത് ഗവണ്‍മെന്റിനെ എതിര്‍ക്കുന്ന മറ്റു മുസ്‌ലിം സംഘടനകളുമായി പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അവര്‍ ആവശ്യമാണെങ്കില്‍ ഹിംസയിലൂടെ സൂഫികളോടുള്ള അവരുടെ അഭിപ്രായ ഭിന്നത പ്രകടപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ്.

“സമൂഹം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും അധികൃതരെ തെറ്റായമാര്‍ഗത്തിലൂടെ നയിക്കാന്‍ സൂഫികള്‍ സഹായിക്കുകയാണെന്നുമാണ് ഇവര്‍ കരുതുന്നത്. അവരുടെ കാരണങ്ങളെല്ലാം തീര്‍ത്തും രാഷ്ട്രീയപരമാണ്. സൂഫികള്‍ ഇതിനെ പിന്തുണയ്ക്കാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവര്‍ക്കെതിരെ തിരിയുമെന്ന് അവര്‍ പറയുന്നു.” ക്നിഷ് വിശദീകരിക്കുന്നു.

“സൂഫികള്‍ക്കു നേരെയുള്ള ആക്രമണം വലിയൊരു തെറ്റാണെന്നതിനു പുറമെ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഈ മേഖലയില്‍ മതങ്ങളെ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ ഫലം കൂടിയാണ്.” എന്ന് ഇമാം ഫൈസല്‍ പറയുന്നു. രാഷ്ട്രീയവല്‍ക്കരണം തീവ്രവാദത്തിന് വളമായ ഇടമാണ് ഈജിപ്ത് എന്നും അദ്ദേഹം പറയുന്നു.

“മതം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍, അത് ഒരിക്കലും നല്ലതിനല്ല.” ഇമാം ഫൈസല്‍ പറയുന്നു.

കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്
മൊഴിമാറ്റം: നയീമ രെഹന

We use cookies to give you the best possible experience. Learn more