| Thursday, 12th January 2023, 10:58 am

കൂടിയ അളവില്‍ വിഷാംശം; ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്ക് നിര്‍മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന.

അംബ്രോനോള്‍ സിറപ്പ്, ഡോക് -1 മാക്‌സ് സിറപ്പ് എന്നിവക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉസ്‌ബെക്കിസ്താനില്‍ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയര്‍ന്ന കഫ് സിറപ്പുകളാണിവ.

ഈ മരുന്നുകള്‍ ഗുണ നിലവാരം ഇല്ലാത്തവയാണെന്നും സിറപ്പില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ വിഷാംശങ്ങളായ ഡൈ എഥിലീന്‍ ഗ്ലൈകോള്‍, എഥിലീന്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നുകളുടെ ഗുണമേന്മയിലും സുരക്ഷയിലും ഉത്പാദകര്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്.

‘ഈ രണ്ട് മരുന്നുകള്‍ക്കും മറ്റ് രാജ്യങ്ങളില്‍ വിതരണം ചെയ്യാനുള്ള അംഗീകാരം ഉണ്ടായിരിക്കാം. ഇവ അനധികൃതമായി മറ്റ് രാജ്യങ്ങളിലോ പ്രദേശങ്ങളിലോ വിതരണം ചെയ്തിട്ടുമുണ്ടാകാം,’ എന്നും ഡബ്ലു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.

2022 ഡിസംബറിലാണ് ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്‌ബെക്കിസ്താന്‍ ആരോഗ്യ മന്ത്രാലയം ആരോപണം ഉന്നയിച്ചത്. പിന്നാലെ ഒരു കുട്ടി കൂടെ മരിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് മാരിയോണ്‍ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

മാരിയോണ്‍ ബയോടെക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ഗൗതം ബുദ്ധ് നഗര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വൈഭവ് ബബ്ബാര്‍ അറിയിക്കുകയായിരുന്നു. ആവശ്യപ്പെട്ട രേഖകളൊന്നും കമ്പനി ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ, ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യന്‍ കമ്പനികളുടെ ചുമയ്ക്കുള്ള മരുന്നുകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഹരിയാനയിലെ മെയ്ഡിന്‍ ഫാര്‍മസ്യൂട്ടികല്‍സിയുടെ പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്‌ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Content Highlight: WHO Alert On 2 Indian Syrups After Uzbekistan Child Deaths

We use cookies to give you the best possible experience. Learn more