ന്യൂദല്‍ഹി: ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് അബദ്ധവശാലാണെന്നും ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി.
ഇന്ത്യയില്‍ ഒരുകൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് സമൂഹവ്യാപനമല്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധം പരിഹരിച്ചിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
നിലവില്‍ രാജ്യത്ത് 6412 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 199 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യ കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രതികരണം നടത്തിയത്.
‘ നമ്മള്‍ സ്റ്റേജ് 2 നും 3 നും ഇടയിലാണ്, ഇത് സൂചിപ്പിക്കുന്നത് നമ്മള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നില്ല എന്നത് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളിലും പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കേണ്ടതുണ്ട്,’ എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞിരുന്നത്.