| Friday, 1st January 2021, 9:16 am

ആരുടെ ഖജനാവ് നിറയ്ക്കാനാണ് ഇത്, അംബാനിയുടെയും അദാനിയുടെയും കൂറ്റന്‍ നിലവറയോ; മോദിയോട് മഹുവ മൊയ്ത്രയുടെ മൂന്ന് ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറയ്ക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.

ആരാണ് യഥാര്‍ത്ഥത്തില്‍ കാര്‍ഷിക നിയമങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആരുടെ ഖജനാവുകള്‍ അവ നിറയ്ക്കുമെന്നും സര്‍ക്കാര്‍ നിയമം പിന്‍വലിച്ചാല്‍ ആര്‍ക്കാണ് നഷ്ടമെന്നും അവര്‍ ചോദിച്ചു.

നിയമങ്ങള്‍ തങ്ങളെ സഹായിക്കില്ലെന്ന് കര്‍ഷകര്‍ പറയുമ്പോഴും എന്തിനാണ് ഇങ്ങനെയൊരു നിയമമെന്നും മഹുവ ചോദിക്കുന്നുണ്ട്. നിയമം കൊണ്ടുവരുന്നതിന് മുന്‍പ് കര്‍ഷക യൂണിയനുകളോട് സര്‍ക്കാര്‍ കൂടിയാലോചിച്ചില്ലെന്നും അംബാനി-അദാനി ഭീമന്‍മാര്‍ കാര്‍ഷിക മേഖല കീഴടക്കുകയാണെന്നും മഹുവ പറഞ്ഞു.

അതേസമയം, കാര്‍ഷിക പ്രതിഷേധം  36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Who actually wants farm laws? Mahua Moitra against Modi

We use cookies to give you the best possible experience. Learn more