ജനീവ: ചാറ്റ് ജി.പി.ടി, ബാര്‍ഡ്, ബെര്‍ട് തുടങ്ങിയ എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യകളുടെ ഉപയോഗം ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന.
ഡബ്ല്യു.എച്ച്.ഒ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുമെന്നും എന്നാല്‍ അവയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ലോകാരോഗ്യ സംഘടന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നിര്‍മിച്ച സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ പുറത്തിറക്കുമ്പോള്‍ ഉണ്ടാകുന്ന ജാഗ്രത ‘ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ടൂള്‍സ് (LLM)’ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല,’ ലോകാരോഗ്യ സംഘടന പറഞ്ഞു.
എല്‍.എല്‍.എം എന്നത് ചാറ്റ് ജി.പി.ടി, ബാര്‍ഡ്, ബെര്‍ട് തുടങ്ങിയവ ഉള്‍പ്പെടുന്ന സാങ്കേതിക വിദ്യയാണ്.
‘ആരോഗ്യ വിവരങ്ങള്‍ക്ക് വേണ്ടി എല്‍.എല്‍.എമ്മിനെ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. പരിശോധിക്കാത്ത സംവിധാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ കാരണമാകും.
അത് രോഗികളെ ഗുരുതരമായി ബാധിക്കും. ഇതുമൂലം എ.ഐ പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ ദുര്‍ബലപ്പെടുത്തും.
പക്ഷപാതപരമായ വിവരങ്ങളായിരിക്കും എ.ഐ. നല്‍കുന്നത്. അത് തെറ്റായ വിവരങ്ങളിലേക്ക് നയിക്കുകയും അത് ആരോഗ്യ മേഖലയില്‍ അപകട സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഈ ആശങ്കകളെല്ലാം പരിഗണിച്ച് കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ആരോഗ്യ രംഗത്തുള്ളവരും പോളിസി മേക്കര്‍മാരും എ.ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ,’ ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
CONTENT HIGHLIGHT: WHO ABOUT CHAT GPT