| Monday, 8th June 2015, 10:16 am

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗ പെണ്‍കുട്ടിക്കുനേരെ കയ്യേറ്റം: പോലീസ് ഓഫീസര്‍ അവധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ കറുത്തവര്‍ഗ്ഗ പെണ്‍കുട്ടിയെ ക്രൂരമായി കയ്യേറ്റം ചെയ്ത പോലീസ് ഓഫീസര്‍ ഔദ്യോഗിക അവധിയില്‍ പ്രവേശിച്ചു. പോലീസുകാരന്റെ കയ്യേറ്റ ശ്രമങ്ങള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറല്‍ ആയതോടെയാണ് പോലീസ് ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചത്്. പെണ്‍കുട്ടിയ രക്ഷിക്കാനെത്തിയ നിരായുധരായ ചെറുപ്പക്കാര്‍ക്കെതിരെ ഇയാള്‍ തോക്കുയര്‍ത്തുകയും ചെയ്തു.

ടെക്‌സാസിലെ മെക് കിന്നെയിലുള്ള ക്രെയ്ഗ് റഞ്ച് നോര്‍ത്ത് കമ്മ്യൂണിറ്റി പൂളിലാണ് സംഭവം. ബിക്കിനി ധരിച്ച ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സമീപത്തുണ്ടായിരുന്ന ആരോ ഈ ദൃശ്യങ്ങളെടുത്ത് യൂട്യൂബിലിടുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും കറുത്തവര്‍ഗ്ഗക്കാരോടുളഅള പോലീസിന്റെ സമീപനം മാറ്റമില്ലാതെ തുടരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സമീപകാലത്തായി അമേരിക്കയില്‍ കറുത്ത വംശജര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലീസ് ഓഫീസര്‍മാരുടെ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികള്‍ ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ടെന്ന് മെക്കിന്നെ പോലീസ് വകുപ്പ് തലവന്‍ ഗ്രെഗ് കോണ്‍ലി പറഞ്ഞു. ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ഔദ്യോഗിക അവധിയില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ സ്ഥലത്തെത്തിയത്. ഈ ചെറുപ്പക്കാര്‍ പ്രദേശത്ത് ശല്യമുണ്ടാക്കുന്നുവെന്നും പോവാന്‍ ആവശ്യപ്പെടുമ്പോള്‍ തര്‍ക്കിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ പരാതി. 14 വയസ്സുള്ള പെണ്‍കുട്ടി താല്‍കാലികമായി കസ്റ്റഡിയിലായിരുന്നു ഉടനെ തന്നെ വിട്ടയക്കുകയും ചെയ്തു. കോണ്‍ലി പറഞ്ഞു.

എന്നാല്‍ സമീപകാലത്തായി കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുണ്ടാകുന്ന പോലീസ് അതിക്രമങ്ങളുടെ ഉദാഹരണമാണ് ഇത് എന്നാണ് സംഭവവത്തെ പൊതുവെ വിലയിരുത്തുന്നത്.

We use cookies to give you the best possible experience. Learn more