| Saturday, 9th September 2023, 3:27 pm

ജി20ക്ക് വേണ്ടി ചേരികൾ ബുൾഡോസർ ഉപയോഗിച്ച് നിരത്തിയത് മോദി-ബൈഡൻ ചർച്ചയിൽ വന്നോ? ചോദ്യം നേരിട്ട് വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി യോഗത്തിൽ ജി20ക്ക് മുന്നോടിയായി ദൽഹിയിലെ ചേരികൾ ബുൾഡോസർ ഉപയോഗിച്ച് നിരത്തിയത് ചർച്ചയായോ എന്ന ചോദ്യം നേരിട്ട് വൈറ്റ് ഹൗസ്. ചോദ്യത്തിന് മറുപടിയായി ഇരു രാജ്യങ്ങളിലേയും ജനാധിപത്യ സംവിധാനമാണ് തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ കാതൽ എന്ന് ഓഡിയോ ബ്രീഫിങ്ങിൽ വൈറ്റ് ഹൗസ് അറിയിച്ചു.

‘ഞാൻ പറയുന്നത് എന്താണെന്ന് വച്ചാൽ ലോകത്തിലെയും ഇരു രാജ്യങ്ങളിലേയും ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇന്ത്യയുടെയും യു.എസിന്റേയും ഉഭയകക്ഷി ബന്ധത്തിന്റെ കാതൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ്‌ ബൈഡനും അത് പറഞ്ഞിട്ടുണ്ട്. അതിനർത്ഥം, ഇരുവരുടെയും ഓരോ കൂടിക്കാഴ്ച്ചയുടെയും അജണ്ടയിൽ ഈ വിഷയങ്ങൾ ഉണ്ട് എന്നതാണ്,’ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ജോൺ ഫിനെറിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ജി20ക്ക് മുന്നോടിയായി നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന് ദൽഹിയിലെ നിരവധി തെരുവുകൾ ഇടിച്ചുനിരത്തുകയും മറയ്ക്കുകയും ചെയ്തുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ഉയർന്നത്. എന്നാൽ അനധികൃതമായ കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചുമാറ്റിയത് എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

സാങ്കേതികത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സംയുക്ത പദ്ധതികളെ കുറിച്ചും ആരോഗ്യകരമായ ജനാധിപത്യത്തെ കുറിച്ചും ഒരു മണിക്കൂറോളം മോദിയും ബൈഡനും ചർച്ച ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മോദിയുടെ വസതിയിൽ ബൈഡൻ ചർച്ചയ്ക്ക് എത്തിച്ചേർന്നപ്പോൾ, യു.എസ് പ്രസിഡന്റിന്റെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാനും സാക്ഷിയാകാനും അദ്ദേഹത്തെ അനുഗമിക്കുന്ന യു.എസ് മാധ്യമ സംഘത്തെ പതിവിന് വിപരീതമായി അതിന് അനുവദിച്ചില്ലെന്നും വാനിൽ തന്നെ ഇരുത്തിയെന്നും ആക്ഷേപമുണ്ട്.

Content Highlight: White House was asked if slums ‘bulldozing’ came up at PM-Biden meet

We use cookies to give you the best possible experience. Learn more