മോദിയെ അൺഫോളോ ചെയ്തതിന് കാരണമുണ്ട്; വിശദീകരണവുമായി വൈറ്റ് ഹൗസ്
Worldnews
മോദിയെ അൺഫോളോ ചെയ്തതിന് കാരണമുണ്ട്; വിശദീകരണവുമായി വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th April 2020, 11:04 am

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്തു എന്ന വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി അമേരിക്കൻ ഭരണസിരാ കേന്ദ്രമായ വൈറ്റ് ഹൗസ്.

ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് അമേരിക്കൻ പ്രസിഡ‍ന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണെന്നും വെെറ്റ് ഹൗസ് വ്യക്തമാക്കി.

ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഈ ആഴ്ച്ച ആദ്യം ഇവരെയെല്ലാം അൺഫോളോ ചെയ്തു. തുടർന്നാണ് വിഷയം വാർത്തകളിൽ ഇടംപിടിച്ചത്.

21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള വെെറ്റ് ഹൗസിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന അക്കൗണ്ടുകളാണ് ഇപ്പോൾ വൈറ്റ് ഹൗസ് അൺഫോളോ ചെയ്തത്. പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയുമടക്കം 13 അക്കൗണ്ടുകൾ മാത്രമാണ് വൈറ്റ് ഹൗസ് പിന്തുടരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.