| Monday, 20th November 2023, 8:17 am

ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമം തടയാന്‍ വൈറ്റ് ഹൗസ്: പൊളിറ്റിക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഇസ്രഈലികള്‍ക്കെതിരെ ഉപരോധത്തിനായുള്ള പദ്ധതി തയ്യാറാക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതായി യു.എസ് വാര്‍ത്ത പോര്‍ട്ടലായ പൊളിറ്റിക്കോ.

വെസ്റ്റ്ബാങ്കിലെ ആക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേഗത്തിലുള്ള നടപടിക്കായി നയപരമായ പദ്ധതി വികസിപ്പിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ട്രെഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ എന്നിവര്‍ അവരവരുടെ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പൊളിറ്റിക്കോയോട് പറഞ്ഞു. സാധ്യമായ നിയന്ത്രണങ്ങളുടെ പട്ടികയില്‍ വിസ നിരോധനം ഉള്‍പ്പെടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘വെസ്റ്റ്ബാങ്കിന്റെ സുരക്ഷയ്‌ക്കോ സ്ഥിരതയ്‌ക്കോ ഭീഷണി ഉയര്‍ത്തുന്ന നടപടികളിലോ നയങ്ങളിലോ നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും, അവിടെയുള്ള സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിനോ മാറ്റിപ്പാക്കുന്നതിനോ പങ്കാളികളായ വ്യക്തികള്‍ക്കും യു.എസ് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം,’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപരോധത്തിനുള്ള മറ്റ് കാരണങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളും ദ്വി രാഷ്ട്രത്തിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയോ മുടക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടാം.

ശനിയാഴ്ച വാഷിങ്ടണ്‍ പോസ്റ്റിനായി എഴുതിയ ലേഖനത്തില്‍ രണ്ട് രാജ്യങ്ങളുടെയും സമാധാനമായ സഹവര്‍ത്തിത്വത്തിന് അടിത്തറ പാകുന്ന ദ്വി രാഷ്ട്ര നിര്‍മാണത്തോടുള്ള തന്റെ പ്രതിബദ്ധത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതീകരിച്ചിരുന്നു.

ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാതിരിക്കുമ്പോഴും, ഗസ മുനമ്പില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനും സേനയുടെ അധിനിവേശത്തിനും ഉപരോധത്തിനും താന്‍ എതിരാണെന്നും അദ്ദേഹം എഴുതി. കൂടാതെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരായ തീവ്ര ആക്രമം അവസാനിപ്പിക്കണമെന്ന് താന്‍ പശ്ചിമ ജെറുസലേമിനോട് പറഞ്ഞതായി അദ്ദേഹം കുറിച്ചു.

‘ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ശിക്ഷിക്കുന്നതിന്, വെസ്റ്റ് ബാങ്കില്‍ സിവിലിയന്‍മാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്കെതിരെ വിസ നിരോധനം പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ വാഷിങ്ടണ്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

1967ലെ ആറു ദിവസത്തെ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്ക്, ഗസ, കിഴക്കന്‍ ജെറുസലേം, ഗോലാന്‍ കുന്നുകള്‍ എന്നിവയുടെ ഭാഗങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഇസ്രഈല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ വാസസ്ഥലങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. ഈ കുടിയേറ്റങ്ങള്‍ ഭൂരിഭാഗം അന്താരാഷ്ട്ര സമൂഹങ്ങളും നിയമവിരുദ്ധമായി കണക്കാക്കുന്നു. ഇസ്രഈലിനുള്ളില്‍ തന്നെ ഇത് നിയമവിരുദ്ധമായി കാണുന്നവരുണ്ട്. യു.എന്‍ ഡാറ്റ അനുസരിച്ച് 2003 മാര്‍ച്ച് വരെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമുള്ള 229 സെറ്റില്‍മെന്റുകളിലായി ഏകദേശം 7,00,000 കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്.

കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം ആവര്‍ത്തിച്ചുള്ള അക്രമത്തിലേക്ക് നയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് ശേഷം ശരാശരി ഒരു ദിവസം എഴ് കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ യു.എന്‍ ഓഫീസ് ഫോര്‍ ദി കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്

content highlight : White House to clamp down on Israeli settler violence – Politico

We use cookies to give you the best possible experience. Learn more