വാഷിങ്ടൺ: അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി സംഘത്തലവൻ എലോൺ മസ്കും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ‘ASMR, ഹ ഹ… വൗ ഇല്ലീഗൽ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം’ എന്ന കമന്റോടെയാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ഇന്ത്യക്കാരുടെ കൈകാലുകളിൽ ചങ്ങല കൊണ്ട് ബന്ധിച്ച് സൈനിക വിമാനത്തിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്.
40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കൈവിലങ്ങുകൾ വെച്ചിരിക്കുന്നതിന്റെയും, നിയന്ത്രണങ്ങൾ പാലിക്കുന്ന ഉദ്യോഗസ്ഥരുടെയും, വിമാനത്തിലേക്ക് ഉരുക്ക് പടികൾ കയറി തടവുകാർ നടക്കുന്നതിന്റെയും ക്ലോസ്-അപ്പ് ഷോട്ടുകൾ ഉൾപ്പെടുന്നു. വ്യക്തികളുടെ ആരുടെയും മുഖം ദൃശ്യമല്ല.
വീഡിയോയിൽ ASMR എന്ന ചേർത്തതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ് എന്നത് ശരീരത്തിൽ സുഖകരമായ ഒരു സംവേദനത്തിന് കാരണമാകുന്ന വിവിധ ഇന്ദ്രിയാനുഭവങ്ങളാണ്. ASMR വീഡിയോകൾ കാണുന്നത് ഒരു നേരിയ മസാജ് അല്ലെങ്കിൽ ശാന്തമായ ഒരു താരാട്ട് പോലെയുള്ള ഒരു അനുഭവം ശരീരത്തിന് നൽകും. മനുഷ്യരെ ചങ്ങലക്കിടുന്ന വീഡിയോയെ ASMR എന്ന് ലേബൽ ചെയ്തതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിന്റെ ഭാഗമായി നാടുകടത്തൽ വർധിപ്പിച്ചിട്ടുണ്ട്. 300ലധികം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചിട്ടുണ്ട്. ഭരണകൂടം നാടുകടത്തൽ തുടരുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. എല്ലാ നിയമവിരുദ്ധ കുറ്റവാളി കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതുവരെ താൻ വിശ്രമിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം നാട് കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം വീണ്ടും ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ അമേരിക്ക തിരിച്ചയച്ചിരുന്നു. ഈ മാസം ആദ്യം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി ഒരു യു.എസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങിയിരുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് സർക്കാർ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ആയിരുന്നു അത്. പിന്നാലെയാണ് പുതിയ ബാച്ച് എത്തിയത്.
Haha wow 🧌🏅 https://t.co/PXFXpiGU0U
— Elon Musk (@elonmusk) February 18, 2025
Content Highlight: White House shares footage of illegal immigrants being chained