വാഷിങ്ടണ്‍: ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണത്തിന് ഇറാൻ ഇന്റലിജന്‍സ് സഹായവും ആയുധങ്ങളും നല്‍കുന്നതായി അമേരിക്ക. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇറാൻ ഭരണകൂടം ഹൂത്തികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.
ചെങ്കടലിലെ ആക്രമണങ്ങളില്‍ യെമനുള്ള പങ്ക് നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ രഹസ്യാന്വേഷണ ഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ നിരത്തിക്കൊണ്ടാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ യെമനെതിരെ ആരോപണം ഉന്നയിച്ചത്.
പ്രധാനപ്പെട്ട സമുദ്ര പാതകളിലെ ആക്രമണത്തിന് ഇറാൻ ഹൂത്തി വിമതര്‍ക്ക് ദീര്‍ഘ കാലമായി പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ടെന്ന് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞു. ഈ പ്രവണത ആഗോള തലത്തില്‍ ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ കെ.എ.എസ് 04 ഡ്രോണുകളും ഹൂത്തികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ആളില്ലാ വാഹനങ്ങളും തമ്മില്‍ സാദൃശ്യങ്ങളും സാമ്യതകളും ഉണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു. ഇറാനിയന്‍ – ഹൂത്തി മിസൈലുകള്‍ക്കും ഇത്തരത്തില്‍ സാമ്യതകള്‍ ഉണ്ടെന്നാണ് അമേരിക്ക വാദിക്കുന്നത്.
നിലവില്‍ ഹൂത്തി വിമതരെ നിയന്ത്രിക്കാനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സേനയെ വാഷിങ്ടണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ഓപ്പറേഷന്‍ പ്രോസ്പെരിറ്റി ഗാര്‍ഡിയന്‍ എന്ന് വിശേഷിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സഖ്യത്തില്‍ ബ്രിട്ടന്‍, ബഹ്‌റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷെല്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. യുദ്ധക്കപ്പലുകള്‍ വിട്ടുകൊടുക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും ദൗത്യത്തെ പിന്തുണച്ചുകൊണ്ട് 11 സൈനികരെ അയക്കാന്‍ തയ്യാറാണെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.