വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്കോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയോ വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്.
മനുഷ്യാവകാശങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ബൈഡന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും നിലവില്‍ സൗദിയിലേക്ക് വിളിക്കുന്നത് പരിഗണനയില്‍ ഇല്ലെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് ഇക്കാര്യം അറിയിച്ചത്.
” സൗദി അറേബ്യയുമായുള്ള നയങ്ങളെക്കുറിച്ച് ഞങ്ങള്‍ പുനരാലോചന നടത്തുന്നുണ്ട്. പക്ഷേ നിശ്ചയമായും ഇപ്പോള്‍ സൗദിയിലേക്ക് ഒരു ഫോണ്‍ കോള്‍ പോകില്ല, അക്കാര്യം എനിക്ക് ഉറപ്പാണ്,” ജെന്‍ സാക്കി പറഞ്ഞു.
ജമാല്‍ കഷോഗ്ജി വധവുമായി ബന്ധപ്പെട്ട് അമേരിക്ക സൗദിക്കുമേല്‍ ഉപരോധം ഏര്‍പ്പടുത്തുമോ എന്ന ചോദ്യത്തിന് നേരത്തെ സാക്കി മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
സൗദിയോട് യെമന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച ബൈഡന്റെ നയം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനുപുറമെ യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ നയവും ബൈഡന്‍ തിരുത്താന്‍ പോകുകയാണ്.
സൗദി അറേബ്യയ്ക്കും, യു.എ.ഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കുമെന്നും ബൈഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണാണ് അറിയിച്ചത്.
ബൈഡന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണ്‍ ചെയ്യാത്തതും വാര്‍ത്തയായിരുന്നു.