| Friday, 10th May 2024, 12:38 pm

റഫയെ ആക്രമിച്ചതുകൊണ്ട് ഇസ്രഈലിന് ഹമാസിനെ തകര്‍ക്കാന്‍ കഴിയില്ല: വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അതിര്‍ത്തി നഗരമായ റഫയില്‍ ഇടിച്ചുകയറുന്നതുകൊണ്ട് ഹമാസിനെ തകര്‍ക്കാന്‍ ഇസ്രഈലിന് കഴിയില്ലെന്ന് വൈറ്റ് ഹൗസ്. ഗസയിലെ ഇസ്രഈല്‍ അധിനിവേശവും റഫയിലെ കര ആക്രമണവും ഫലസ്തീന്‍ ആയുധ സംഘടനായ ഹമാസിനെ ദുര്‍ബലമാക്കില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

റഫയില്‍ ഏതെങ്കിലും രീതിയില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയാല്‍ അത് ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തും. കൂട്ട ആക്രമണങ്ങള്‍ ഇസ്രഈലിന് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തലെന്ന് കിര്‍ബി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗസയിലെ വെടിനിര്‍ത്താലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇസ്രഈല്‍ വൈകിപ്പിക്കുകയാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചിരുന്നു. ചര്‍ച്ച വൈകിപ്പിക്കുന്നതിന് അനുസരിച്ച് റഫയെ മുഴുവനായി ആക്രമിക്കാനുള്ള അവസരം ഇസ്രഈലിന് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഹമാസ് നേതാവിന്റെ ഈ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു ജോണ്‍ കിര്‍ബിയുടെ നിരീക്ഷണം. ഇസ്രഈല്‍ ഹമാസിനെ പ്രകോപിതരാക്കിയാല്‍ അതിന്റെ ദോഷം നെതന്യാഹു സര്‍ക്കാരിന് തന്നെ ആയിരിക്കുമെന്നാണ് കിര്‍ബി മാധ്യമങ്ങളോട് പറഞ്ഞത്.

വ്യാഴാഴ്ച റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രഈലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇസ്രഈല്‍ സേന ഇതുവരെ റഫയെ ആക്രമിച്ചിട്ടില്ലെന്നും എങ്ങാനും അത് സംഭവിച്ചാല്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു. എന്നാല്‍ അയേണ്‍ ഡോം പോലുള്ള പ്രതിരോധ ആയുധങ്ങള്‍ ഇസ്രഈലിന് നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

റഫയെ ആക്രമിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അമേരിക്ക കഴിഞ്ഞാഴ്ച്ച താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റഫയെ ആക്രമിച്ചാല്‍ അത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ആയുധവിതരണം താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്.

ഇസ്രഈലിലേക്കുള്ള ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യു.എസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഇതിനുപുറമെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് കഴിഞ്ഞ ദിവസം ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗസയിലെ കൂട്ടക്കുരുതിയില്‍ ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ ചിന്തിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight: White House says Israel will not be able to destroy Hamas by crashing into Rafah

Latest Stories

We use cookies to give you the best possible experience. Learn more