| Thursday, 9th November 2023, 10:10 pm

ഗസയിൽ ദിവസവും നാല് മണിക്കൂർ സമയം വെടിനിർത്തൽ; ഇസ്രഈൽ അംഗീകരിച്ചതായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഗസയിൽ നിത്യവും നാല് മണിക്കൂർ വെടിനിർത്തലിന് ഇസ്രഈൽ സമ്മതിച്ചതായി വൈറ്റ് ഹൗസ്. ഗസയിലെ ജനങ്ങൾക്ക് യുദ്ധഭൂമിയിൽ നിന്ന് പുറത്തുകടക്കാൻ സുരക്ഷിതമായ പാത ഒരുക്കിയിട്ടുണ്ടെന്നും ബൈഡൻ ഭരണകൂടം അറിയിച്ചു.

ദിവസവും കുറച്ചു സമയം വെടിനിർത്തലിന് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

നവംബർ ഒമ്പതിന് ആദ്യത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.

നാല് മണിക്കൂർ ദൈർഘ്യമുള്ള വെടിനിർത്തൽ മൂന്ന് മണിക്കൂർ മുമ്പ് തന്നെ അറിയിക്കുമെന്ന് ഇസ്രഈൽ അറിയിച്ചതായും ജോൺ കിർബി പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തിൽ കൂടുതൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നതായി ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പൂർണമായും വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

അതേസമയം വെടിനിർത്തൽ സംബന്ധിച്ച് ഇസ്രഈലിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Content highlight: White House says Israel agrees to 4-hour daily pauses in N Gaza fighting to allow civilians to flee

Latest Stories

We use cookies to give you the best possible experience. Learn more