|

വെനസ്വേലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബൈഡന്‍; വേണ്ടെന്ന് വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്റെ പ്രസ്താവന പിന്‍വലിച്ച് വൈറ്റ് ഹൗസ്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജൂലൈയില്‍ നടന്ന വെനസ്വേലയിലെ തെരഞ്ഞെടുപ്പിനെപ്പറ്റി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ബൈഡന്റെ പരാമര്‍ശം.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നിക്കോളാസ് മഡുറോയുടെ കീഴിലുള്ള സര്‍ക്കാരിന്റെ തെരഞ്ഞടുപ്പ് വിജയത്തെ തള്ളിക്കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെത്രയും രംഗത്തെത്തിയിരുന്നു.ഇവരുടെ തീരുമാനത്തെ പിന്തുണക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിന്തുണക്കുന്നുണ്ട് എന്ന് ബൈഡന്‍ ഉത്തരം നല്‍കിയിരുന്നു.

എന്നാല്‍ ബൈഡന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ യു.എസിന് അധികാരമില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.

ഇതിന് പിന്നലെയാണ് വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയത്. ‘ബൈഡന്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വ്യജ തെരത്തെടുപ്പ് വിജയത്തെക്കുറിച്ചാണ് സംസാരിക്കാന്‍ ഉദ്ദേശിച്ചത്.

കാരണം ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രതിപക്ഷ അംഗമായ എഡ്മുഡോ ഗോണ്‍സാലസ് ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ജനങ്ങളുടെ അഭിപ്രായം മാനിച്ച് ജനാധിപത്യപ്രക്രിയ സുതാര്യമാക്കാന്‍ വെനസ്വേലന്‍ സര്‍ക്കാര്‍ തയ്യാറാകണം,’ ബൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പ്രതികരിച്ചു.

സംഭവത്തിന് പിന്നാലെ യു.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിക്കോളാസ് മഡുറോ രംഗത്തെത്തിയിട്ടുണ്ട്. ‘വെനസ്വേലക്കാരുടെയും അവരുടെ ആഭ്യന്തരകാര്യങ്ങളെയും മാത്രം ബാധിക്കുന്ന വിഷയത്തില്‍ കുറച്ച് സമയം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.

അരമണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ പ്രസ്താവനകളെ എതിര്‍ത്തുകൊണ്ട് ചില സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ യു.എസിന്റെ വിദേശനയത്തിന്റെ ചുമതല ആര്‍ക്കാണ്?,’മഡുറോ ചോദിച്ചു.

ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52% വോട്ടുകള്‍ നേടിയാണ് നിക്കോളാസ് മഡുറോ മൂന്നാമതും അധികാരത്തില്‍ എത്തിയത്. പശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഗോണ്‍സാലസിന് 43% വോട്ടുകളാണ് നേടിയത്. 2018ലെ മഡുറോയുടെ തെരഞ്ഞെടുപ്പ് വിജയവും ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയനും യു.എസും അംഗീകരിച്ചിരുന്നില്ല.

Content Highlight: White House refused  Joe Biden’s opinion about Venezuela election