വാഷിങ്ടൺ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെയും ഫലസ്തീൻ-ഇസ്രഈൽ യുദ്ധത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളെയും പരസ്യമായി വിമർശിക്കുമോ എന്ന ആശങ്കയിൽ വൈറ്റ് ഹൗസ്. വരാനിരിക്കുന്ന യു.എസ് കോൺഗ്രസിലെ തന്റെ പ്രസംഗത്തിൽ നെതന്യാഹു ബൈഡനെ വിമർശിക്കുമോയെന്നാണ് വൈറ്റ് ഹൗസും ബൈഡനും ഭയപ്പെടുന്നത്.
നെതന്യാഹു അടുത്ത മാസം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പോവുകയാണ്. അദ്ദേഹം എന്താണ് സംസാരിക്കുകയെന്നത് ആർക്കും അറിയില്ല,. യു.എസ് ഉദ്യോഗസ്ഥൻ പൊളിറ്റിക്കോയോട് പറഞ്ഞു. ഈ ആഴ്ച ആദ്യവാരത്തിൽ അമേരിക്ക ഇസ്രഈലിനുള്ള ആയുധങ്ങൾ തടഞ്ഞുവെച്ചെന്ന് ആരോപിച്ച് നെതന്യാഹു ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മറ്റൊരു വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ നിലപാടിനെ ഇസ്രഈൽ വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ യു.എസിലെ വരും തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ബൈഡനെ വിമർശിക്കാൻ നെതന്യാഹുവിന് മടിയില്ലെന്ന് മനസ്സിലാക്കിയതോടെ യു.എസ് വൃത്തങ്ങൾ ആശങ്കയിലാണ്.
‘വരാനിരിക്കുന്ന കോൺഗ്രസിൽ നെതന്യാഹു ബൈഡനെതിരെ പ്രതികരിക്കാൻ സാധ്യതകളേറെയാണ്. നെതന്യാഹു എന്ത് പറയുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല,’ യു.എസിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബൈഡൻ വീണ്ടും മത്സരിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ നെതന്യാഹുവിൽ നിന്ന് വിമർശങ്ങൾ ഉയർന്നാൽ അത് ബൈഡന്റെ രാഷ്ട്രീയ ഭാവിയെ മോശമായി ബാധിക്കും.
ബൈഡൻ ഇതുവരെയും നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടില്ല. നെതന്യാഹു ക്ഷണം നിരസിച്ചാൽ ബൈഡന് കിട്ടുന്ന വലിയ പ്രഹരമായിരിക്കും അത്. ഇതിനാലാണ് ഇതുവരെയും നെതന്യാഹുവിനെ ക്ഷണിക്കാത്തതെന്ന് യു.എസ് വൃത്തങ്ങൾ പൊളിറ്റിക്കോയോട് പറഞ്ഞു.
യു.എസ് കോൺഗ്രസിലെ നെതന്യാഹുവിന്റെ പ്രതികരണം ഇരു കക്ഷികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള സാധ്യതയേറെയാണെന്ന് പൊളിറ്റിക്കോ പറഞ്ഞു.
അടുത്തിടെ യു.എസ് ഇസ്രഈലിന് നൽകിക്കൊണ്ടിരുന്നു സൈനിക സഹായം താത്കാലികമായി നിർത്തി വെച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഇസ്രഈലിന് നൽകാനിരുന്ന 3500 ബോംബുകൾ വിതരണം ചെയ്യുന്നത് യു.എസ് താത്കാലികമായി നിർത്തിയിരുന്നു. ആയുധങ്ങൾ നൽകുന്നത് നിർത്തിയെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നെങ്കിലും രഹസ്യമായി ആയുധങ്ങൾ ഇസ്രഈലിൽ എത്തിയിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ യു.എസ് ഈ അടുത്ത് ഇസ്രഈലിന് കൈമാറിയിരുന്നു.
Content Highlight: White House fears Netanyahu visit – Politico