ട്രംപിനെതിരായ വധശ്രമം; ഇലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ്
World News
ട്രംപിനെതിരായ വധശ്രമം; ഇലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2024, 2:40 pm

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തില്‍ വിവാദപരമായ കുറിപ്പ് പങ്കുവെച്ച യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. എന്തുകൊണ്ട് ബൈഡനെതിരേയും കമലയ്ക്കെതിരേയും വധശ്രമങ്ങള്‍ നടക്കുന്നില്ല എന്ന മസ്‌കിന്റെ എക്സ് പോസ്റ്റിനെതിരെയാണ് വൈറ്റ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്.

മസ്‌കിന്റെ ട്വീറ്റ് നിരുത്തരവാദപരമാണെന്ന് പറഞ്ഞ വൈറ്റ്ഹൗസ് അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അഭിപ്രായപ്പെട്ടു. ‘അക്രമത്തിനെ അപലപിക്കാന്‍ മാത്രമേ പാടുള്ളൂ, യാതൊരു കാരണവശാവലും പ്രോത്സാഹിപ്പിക്കുകയോ തമാശവത്കരിക്കുകയോ ചെയ്യരുത്. ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമാണ്. യു.എസില്‍ ഒരിക്കലും രാഷ്ട്രീയ അക്രമത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്കോ യാതൊരുവിധ സ്ഥാനവുമില്ല,’ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ട്രംപിനെതിരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് മസ്‌ക് എക്‌സില്‍ പങ്കുവെച്ച ട്വീറ്റ് ആണ് വിവാദമായത്. എന്തുകൊണ്ട് അവര്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു? എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് ആരും ബൈഡനേയും കമലയേയും കൊല്ലാന്‍ ശ്രമിക്കുന്നില്ല എന്നാണ് മസ്‌ക് മറുപടി നല്‍കിയത്. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന് മസ്‌ക് ആ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി ആയി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ വീണ്ടും പ്രസിഡന്റായാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി പുതിയ എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്‌കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ കഴിഞ്ഞ ദിവസമാണ് അക്രമം ഉണ്ടായത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് സമീപത്ത് വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൂത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Content highlight: White House blasts over Elon Musk’s response on assassination attempt on Trump