|

ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് ആര്‍.എസ്.എസ് മാപ്പെഴുതുമ്പോള്‍ മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി പോരാടുകയായിരുന്നു: ഗൗരവ് ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ലോക്‌സഭ ഡെപ്യൂട്ടി ലീഡര്‍ സൗരവ് ഗൊഗോയ്. ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുന്നതിനായും ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സമയത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് മുസ്‌ലിം സമുദായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയെ ദുര്‍ബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുക, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുക എന്നിവയാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്,’ ഗൗരവ് ഗൊഗോയ് പറഞ്ഞു.

പ്രതിപക്ഷം നിര്‍ദേശിച്ച ഒരു ഭേദഗതി ജെ.പി.സി കമ്മിറ്റി അംഗീകരിച്ചില്ലെന്നും വഖഫിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരെ ജെ.പി.സിയില്‍ ഉള്‍പ്പെടുത്തിയെന്നും ഗൊഗോയ് വിമര്‍ശിച്ചു.

വഖഫ് ഭേദഗതി ബില്ലിനായി ഇപ്പോള്‍ വാദിക്കുന്ന സര്‍ക്കാര്‍ ഭാവിയില്‍ മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെക്കുമെന്നും ഗൊഗോയ് മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളോട് അനുകമ്പയില്ലെന്നും ഗൊഗോയ് ആരോപിച്ചു. ലോക്സഭയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ എം.പിമാരുടെ പ്രാതിനിധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ബില്ലില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അഞ്ച് യോഗങ്ങള്‍ നടത്തിയെങ്കിലും പുതിയ വഖഫ് നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വഖഫ് ഭേദഗതി ബില്‍ ഒരു വ്യക്തിയുടേയും മതം ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) ല്‍ പരാമര്‍ശിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

കിരണ്‍ റിജിജു ആണ് വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്‍.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.പിയും ടി.ഡി.പിയും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Content highlight: While RSS was apologizing for opposing Quit India movement, Muslims were fighting for the country: Gaurav Gogoi

Video Stories