| Tuesday, 26th July 2022, 1:42 pm

കടം കേറി വീട് വില്‍ക്കാനിരുന്ന ആള്‍ക്ക് ഒരു കോടി ലോട്ടറി അടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കട ബാധ്യതയെത്തുടര്‍ന്ന് വീട് വില്‍ക്കാനൊരുങ്ങിയ കാസര്‍ഗോഡ് സ്വദേശി ബാവക്ക് ലോട്ടറി അടിച്ചത് ഒരു കോടി. മഞ്ചേശ്വരം പാവുര്‍ ഗ്യാര്‍ കട്ടയിലെ മുഹമ്മദ് എന്ന ബാവക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-50 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത്.

50 ലക്ഷം രൂപയുടെ കട ബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്‍ക്കാന്‍ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരിക്കെയാണ് ബാവയെത്തേടി ഭാഗ്യക്കുറിയുടെ രൂപത്തില്‍ ഭാഗ്യമെത്തുന്നത്.

രണ്ടു മക്കളുടെ വിവാഹം നടന്നതോടെയാണ് ബാവക്ക് 50 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായത്. ഇടയ്ക്ക് പെയിന്റിംഗ് തൊഴില്‍ ചെയ്തിരുന്നു. എന്നാല്‍ ബാവയ്ക്ക് കൊവിഡ് ബാധിച്ചതോടെ തൊഴില്‍ ചെയ്യാനും പറ്റാത്ത സ്ഥിതിയിലായി. വരുമാനവും നിലച്ചതോടെ ബാങ്കില്‍ നിന്നു വായ്പയെടുത്ത പണം തിരിച്ചടക്കാനായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു.

ഇതിനിടയിലാണ് മഞ്ചേശ്വരം ഹൊസങ്കടിയിലെ സുഹൃത്തിന്റെ സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം 50 രൂപ നല്‍കി ബാവ ഒരു ടിക്കറ്റെടുത്തത്. എഫ്.എഫ് 537904 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനാര്‍ഹമായ ഒരു കോടി രൂപ ലഭിച്ചത്.

അഞ്ച് മക്കളാണ് ബാവക്ക്. നാല് പെണ്‍മക്കളും ഒരാണും. ഇതില്‍ രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ചു വിട്ടു. പെണ്‍മക്കളുടെ കല്യാണവും വീട് നിര്‍മാണവും കഴിഞ്ഞതോടെ ബാവ 50 ലക്ഷത്തിന്റെ കടക്കാരനാവുകയായിരുന്നു.

ഇതിനിടെ മകന്‍ നിസാമുദ്ദീനെ ഖത്തറിലേക്ക് അയക്കുന്നതിനും ഇദ്ദേഹം പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീര്‍ക്കാന്‍ പലരുടെയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രണ്ട് സുഹൃത്തുക്കളൊഴികെ ബാക്കി എല്ലാവരും കൈമലര്‍ത്തിയപ്പോള്‍ ബാവക്ക് മുന്നില്‍ വീട് വിറ്റ് കടം വീട്ടുക എന്ന മാര്‍ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്രതീക്ഷിതമായി എത്തിയ സൗഭാഗ്യത്തിലൂടെ കടത്തില്‍ നിന്ന് കരകയറാന്‍ അവസരമുണ്ടായ സന്തോഷത്തിലാണ് ഇപ്പോള്‍ ബാവ. ഏകസമ്പാദ്യമായ വീട് കൈവിട്ട് പോയില്ലല്ലോ എന്ന ആശ്വാസത്തിലാണ് ബാവയുടെ കുടുംബമിപ്പോള്‍.

Content Highlight: While preparing to sell bhava his house, he gets one crore lottery

We use cookies to give you the best possible experience. Learn more