| Friday, 2nd October 2020, 8:16 am

ഏറ്റവും ശക്തമായി സ്ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ; ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ മൗനം തുടരുമ്പോഴും യു.എന്നില്‍ സ്മൃതി ഇറാനിയുടെ അവകാശവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എറ്റവും ശക്തമായി സ്ത്രീശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ അവകാശവാദം.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമണങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മൃതിയുടെ പ്രസ്താവന.

യു.പിയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി ദളിത്‌പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം തുടരുന്ന സ്മൃതി ഇറാനിയുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന്റെ എല്ലാ വശങ്ങളിലും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും തങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്ത്രീ വികസനത്തിന്റെ ഒരു മാതൃകയില്‍ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് രാജ്യം നീങ്ങിയെന്നും അവര്‍ അവകാശപ്പെട്ടു.

അതേസമയം, ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ യു.പി സര്‍ക്കാര്‍ കേസെടുത്തിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.

മരിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. പിന്നീട് ഹാറന്‍പൂരിലെ വീട്ടില്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ 29 നായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് അര്‍ദ്ധരാത്രിയി വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി കൊണ്ടുപോയി യു.പി പൊലീസ് സംസ്‌ക്കരിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് യുവതി മരിച്ചത്.

22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: While keeping silence on UP rape cases,  Smriti Irani claims India’s Laws ‘Strong Enablers’ Of Women Empowerment

We use cookies to give you the best possible experience. Learn more