തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വനിതാ ഓഫീസര്‍മാര്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസിലിരിക്കുമ്പോള്‍ അവരാരും തന്നോട് പരാതി പഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ലിംഗവിവേചനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. ഒരു വനിത എസ്.ഐയെ ഡി.ഐ.ജി ദുരുപയോഗം ചെയ്തത് തനിക്കറിയാമെന്നും അവര്‍ പറഞ്ഞിരുന്നു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
സ്ത്രീ എന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് പൊലീസില്‍ നിന്ന് നേരിട്ടതെന്ന് ശ്രീലേഖ പറഞ്ഞു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ഐ.പി.എസില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
‘കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നു. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു. രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം.
ഡി.ജി.പി ഉള്‍പ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം. വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നു. വനിതാ എസ്.ഐയ്ക്കെതിരെ ഒരു ഡി.ഐ.ജിയുടെ അതിക്രമം നേരിട്ടറിയാം,’ എന്നുമാണ് ആര്‍. ശ്രീലേഖ പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ കേരള പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പറയുന്ന ഡി.ഐ.ജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ശ്രീലേഖ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സംശയ നിഴലിലാക്കിയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് സി.ആര്‍. ബിജു ശ്രീലേഖക്കെതിരെ രംഗത്തെത്തിയത്.
അസോസിയേഷനുകള്‍ക്കെതിരായ ശ്രീലേഖയുടെ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. സ്ത്രീകള്‍ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
Content Highlights: While in service they did not complain: Pinarayi against R. Sreelekha