ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘ഗുപ്കര്‍ ഗ്യാങ്ങുമായി’ ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സിബല്‍ രംഗത്തെത്തിയത്.
‘ജമ്മു കശ്മീരിനെ ഭീകരതയുടെയും പ്രക്ഷുബ്ധതയുടെയും കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറയുന്നു. വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മറ്റു കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കുകയാണെന്നും അമിത് ഷാ പറയുന്നു. ബി.ജെ.പി-പി.ഡി.പി സഖ്യം ജമ്മുകശ്മീരില്‍ ഭീകരത തിരിച്ചുകൊണ്ടുവന്നുവെന്നാണോ അമിത് ജി പറയുന്നത്? അപ്പോള്‍ നിങ്ങള്‍ ഏത് ഗ്യാങ്ങിന്റെ ഭാഗമായിരുന്നു?’ സിബല്‍ ട്വീറ്റില്‍ ചോദിച്ചു.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിന് പിന്നാലെയാണ് 2015 ല്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യത്തിലാവുന്നത്. പിന്നീട് 2018 ല്‍ പി.ഡി.പി സഖ്യ സര്‍ക്കാരില്‍ നിന്നും ബി.ജെ.പി പിന്‍മാറിയിരുന്നു.
ജമ്മു കശ്മീരില്‍ വിദേശശക്തികള്‍ ഇടപെടണമെന്നാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ പ്രഖ്യാപിച്ചതെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
ദേശീയ താല്‍പ്പര്യത്തിനെതിരായ ”അശുദ്ധമായ ഈ ആഗോള ഗദ്ബന്ധന്‍ ” ഇന്ത്യയിലെ ജനങ്ങള്‍ ഇനി സഹിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര അവിശുദ്ധ സഖ്യമാണ് ‘ഗുപ്കര്‍ ഗാങ്’ എന്നാണ് അമിത് ഷാ ആരോപിച്ചത്.
ഗുപ്കര്‍ സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിയോടും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയോടും അമിത് ഷാ ചോദിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമല്ലെന്നും ഗുപ്കര്‍ പീപ്പിള്‍സ് അലയന്‍സിന്റെ ഭാഗമാകില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷം സ്വന്തം ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താത്ത ആര്‍.എസ്.എസിന്റെ പശ്ചാത്തലമുള്ള അമിത് ഷാ ദേശസ്‌നേഹത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കരുതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടാന്‍ ഒരുമിച്ചു പൊരുതാന്‍ വേണ്ടി രൂപംകൊണ്ടതാണ് ഗുപ്കര്‍ സഖ്യം. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കര്‍ റോഡ് വസതിയില്‍ നടന്ന യോഗത്തെത്തുടര്‍ന്നാണു സഖ്യമുണ്ടായത്.
7 പ്രമുഖ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച സഖ്യത്തിന്റെ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയാണ്. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഉപാധ്യക്ഷ. സി.പി.ഐ.എമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി കണ്‍വീനറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജ്ജാദ് ലോണ്‍ വക്താവുമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content High;light: Kapil Sibal To Amit Shah On J&K Alliance