Advertisement
natioanl news
'അംബേദ്കര്‍ കത്തിച്ച പുസ്തകം ഏത്?', ചോദ്യം ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; അമിതാബ് ബച്ചനും കോടീശ്വരന്‍ പരിപാടിക്കുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 03, 11:35 am
Tuesday, 3rd November 2020, 5:05 pm

മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചനും ടെലിവിഷന്‍ ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിക്കുമെതിരെ ഹിന്ദുത്വ വാദികളുടെ കേസ്. പരിപാടിയിലെ മനുസ്മൃതിയെ കുറിച്ചുള്ള ചോദ്യം ഹിന്ദുവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി.

പരിപാടിയില്‍ 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? എന്ന ചോദ്യം അമിതാബ് ബച്ചന്‍ ചോദിച്ചിരുന്നു. 6,40,000 രൂപയുടെ ചോദ്യമായിരുന്നു ഇത്.

വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ചോദ്യത്തിന് ഓപ്ഷനായി നല്‍കിയത്. തുടര്‍ന്ന് അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ അമിതാബ് ബച്ചന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതോടെ വ്യാപകമായി ചോദ്യത്തിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുകൂട്ടം ആളുകള്‍ ബച്ചനും പരിപാടിക്കുമെതിരെ ക്യാംപെയിന്‍ ആരംഭിക്കുകയുമായിരുന്നു.

അമിതാബ് ബച്ചന്‍ ഇടതുപക്ഷത്തിന് വേണ്ടിയുള്ള പ്രചാരണം നടത്തുകയാണെന്നും ഇത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നുമായിരുന്നു ഹിന്ദുത്വ വാദികളുടെ പ്രചാരണം.

ഇതിന് പിന്നാലെയാണ് ഷോയ്ക്ക് എതിരെ പൊലീസില്‍ ചിലര്‍ പരാതി നല്‍കിയത്. 1927 ഡിസംബര്‍ 25 ന് മഹദില്‍ വെച്ചായിരുന്നു അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചത്.

അയിത്തജാതിക്കാരോട് ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നു മോചനം നേടാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മഹദിലെ ചൗദാര്‍ കുളത്തില്‍ നിന്ന് കുടിവെള്ളം എടുക്കുന്നതിന് ജാതി ഹിന്ദുക്കള്‍ ഉണ്ടാക്കിയ വിലക്കിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Which book was burnt by Ambedkar?’ Case against Amitabh Bachchan and crorepati show