| Thursday, 18th January 2024, 11:35 am

പിണറായി ദൈവത്തിന്റെ വരദാനമാണെന്ന് അഭിപ്രായമുണ്ടോ എന്ന് നികേഷ്; ദൈവം തന്നെ ഇല്ലെന്ന് എം.എം.മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന് ചില സി.പി.ഐ.എം നേതാക്കള്‍ പറയുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ് കുമാറിന്റെ ചോദ്യത്തിന് ദൈവം തന്നെ ഇല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മുന്‍ മന്ത്രി എം.എം. മണിയുടെ മറുപടി.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍മാരുടെ പ്രത്യേക മോര്‍ണിങ് ഷോയില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എമ്മില്‍ വ്യക്തി പൂജയുണ്ടോ റിപ്പോര്‍ട്ടര്‍ ടി.വിയിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുടെ ഭാഗത്താണ് താന്‍ നിരീശ്വര വാദിയാണെന്നും ദൈവം തന്നെ ഇല്ല എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും എം.എം.മണി വ്യക്തമാക്കിയത്.

പിണറായി വിജയന്‍ സൂര്യനാണെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും അദ്ദേഹം പാര്‍ട്ടിയുടെ പി.ബി. അംഗവും മുതിര്‍ന്ന നേതാവുമാണ് എന്നും എം.എം. മണി പറഞ്ഞു. പിണറായി വിജയന്‍ സൂര്യനാണെന്ന് പറഞ്ഞത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണെന്ന് സമൃതി പരുത്തിക്കാട് ഓര്‍മപ്പെടുത്തിയപ്പോള്‍ അത് അദ്ദേഹത്തോട് ചോദിക്കണമെന്നും എം.എം. മണി മറുപടി നല്‍കി.

ഈ സമയത്താണ് നികേഷ്‌കുമാര്‍, പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന് അഭിപ്രായമുണ്ടോ എന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയായിട്ടാണ് ദൈവം തന്നെ ഇല്ലെന്ന് എം.എം. മണി മറുപടി നല്‍കിയത്. ‘ ഞാന്‍ നിരീശ്വര വാദിയാണ്, പിന്നെ ദൈവത്തെ കുറിച്ച് ഞാന്‍ എങ്ങനെ പറയാനാണ്. ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍’ എന്നായിരുന്നു എം.എം. മണിയുടെ മറുപടി.

അങ്ങനെയങ്കില്‍ അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയവരെക്കൊണ്ട് ഇത് തിരുത്തിക്കാന്‍ ശ്രമിക്കുമോ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. അവരെയൊക്കെ തിരുത്താന്‍ താന്‍ ആളല്ലെന്നും, നിലവില്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ് താനെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏത് നേതാവിനെ കുറിച്ചും തന്റെ ഘടകത്തില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍മാരായ എം.വി. നികേഷ്‌കുമാര്‍, സമൃതി പരുത്തിക്കാട്, ഉണ്ണിബാലകൃഷ്ണന്‍, സുജയപാര്‍വതി തുടങ്ങിവരും എം.എം. മണിയുമായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്തു.

content highlights: Nikesh whether there is an opinion that Pinarayi is God’s gift; MM Mani said that God does not exist; M.M. Mani’s reply  To Reporter TV editors 

We use cookies to give you the best possible experience. Learn more