| Sunday, 26th March 2023, 8:37 pm

കമ്മ്യൂണിസ്റ്റാണെങ്കിലും കോണ്‍ഗ്രസാണെങ്കിലും സ്ത്രീകളുടെ ഇഷ്ടനേതാവ് നരേന്ദ്ര മോദി; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ആനക്കാര്യമല്ല: കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഈ നാട്ടിലെ സ്ത്രീകള്‍ ഉറച്ച കമ്മ്യൂണിസ്റ്റാണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന് ചോദിച്ചാല്‍ നരേന്ദ്ര മോദിയാണെന്ന് അവര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

‘ഏത് തെരഞ്ഞെടുപ്പ് വന്നാലും നരേന്ദ്ര മോദിയെ പിന്തുണക്കുന്ന സ്ത്രീ സമൂഹത്തില്‍ നിന്ന്, ഒരു പാര്‍ട്ടിക്കും കിട്ടാത്ത പിന്തുണ, ഒരു നേതാവിനും കിട്ടാത്ത പിന്തുണ നരേന്ദ്ര മോദിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

നരേന്ദ്ര മോദിജിയുടെ ഭരണത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല നല്ല കാര്യങ്ങള്‍, പ്രയോജനകരമായ കാര്യങ്ങള്‍ സ്ത്രീകളെ അറിയിക്കലാണ് സ്ത്രീ സംഘടനകളുടെയും ബി.ജെ.പിക്കകത്തുള്ള സ്ത്രീകളുടെയും ബി.ജെ.പിയുടെ പോഷക സംഘടനകളിലെ സ്ത്രീകളുടെയും ഉത്തരവാദിത്തം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യം സത്യമല്ലാതായി തമസ്‌കരിക്കപ്പെടുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടെ ഏത് കാര്യത്തിനും അവര്‍ പറയും ഇത് കേരളമാണ്. ഇത് കേരളമാണെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണോ?

ഇത് കേരളമാണ്, ഞങ്ങള്‍ ഇന്ത്യയോടൊപ്പമല്ല. ഇന്ത്യയോടൊപ്പമല്ല കേരളമെന്ന് വരുത്തി തീര്‍ക്കാനുള്ള വളരെ ആസൂത്രിതമായ പരിശ്രമമാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചാല്‍ പറയും ഇത് കേരളമാണ് നടപ്പില്ലാക്കില്ലെന്ന്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അംഗീകരിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് വര്‍ഷത്തേക്ക് ശിക്ഷ വന്നാല്‍ അയോഗ്യനാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘രാഹുല്‍ ഗാന്ധി അയോഗ്യനായ ഉടനെ പിണറായി വിജയന്‍, ഇത് കേരളമാണ് സമ്മതിക്കില്ല. എന്ത് സമ്മതിക്കാന്‍. രണ്ട് വര്‍ഷം ശിക്ഷ വന്നാല്‍ അയോഗ്യനാകില്ലേ.

നിങ്ങള്‍ സമ്മതിക്കണോ. ഇതിലെന്താ ഇത്ര ആനക്കാര്യം,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപ് എം.പി അയോഗ്യനാക്കപ്പെട്ടപ്പോള്‍ അദ്ദേഹം എന്‍.സി.പിക്കാരനായത് കൊണ്ട് ആരും ബഹളം വെച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

content highlight: Whether Communist or Congress, Narendra Modi is the leader of women’s choice: K. Surendran

We use cookies to give you the best possible experience. Learn more