ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇനി ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുമോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് വ്യോമസേന തലവന്‍ ബി.എസ് ധനോന. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ധനോന പറഞ്ഞു.
വിമാനം പറത്താന്‍ കഴിയുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് സംഭവിച്ചിരിക്കും.
ആരോഗ്യസ്ഥിതിയുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ സാധ്യമല്ല. ഒരു ഫൈറ്റര്‍ പൈലറ്റിന്റെ നട്ടെല്ലിന്റെ അവസ്ഥ മികച്ചതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദന്‍ പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അഭിനന്ദന്‍ കോക്പിറ്റിലേക്ക് ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങളും വാര്‍ത്താ ഏജന്‍സികളോട് പ്രതിരിച്ചിരുന്നു. പാകിസ്ഥാനില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദന്‍ വളരെ ആവേശത്തിലാണെന്ന് അവര്‍ വ്യക്തമാക്കി. ഞായറാഴ്ചയും അഭിനന്ദന്റെ വൈദ്യപരിശോധന നടന്നിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിലും തുടരും.
അഭിനന്ദന്റെ വാരിയെല്ലുകള്‍ക്ക് ചെറിയ ക്ഷതമുണ്ടെന്ന് എം.ആര്‍.ഐ. സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തകര്‍ന്ന വിമാനത്തില്‍നിന്ന് പാരച്യൂട്ടില്‍ പാക് അധീന കശ്മീരില്‍ ഇറങ്ങിയ അദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു. ഇതാവാം ക്ഷതത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
വാരിയെല്ലിലെ ക്ഷതത്തിനു പുറമെ നട്ടെല്ലിന്റെ കീഴ്ഭാഗത്ത് പരിക്കുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. തകരുന്ന വിമാനത്തില്‍നിന്ന് പുറത്തേക്കു തെറിക്കുന്ന സംവിധാനം വഴി രക്ഷപ്പെടുമ്പോള്‍ സംഭവിച്ചതാവാം ഈ പരിക്കെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.