Advertisement
Entertainment news
'എവിടെപ്പോയാലും എന്റെ കയ്യില്‍ ഒരു ലവ്‌ സ്‌റ്റോറി കാണും': അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 26, 02:36 pm
Sunday, 26th March 2023, 8:06 pm

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. പ്രണയവിലാസമാണ് അനശ്വരയുടേതായി പുറത്തു വന്ന പുതിയ മലയാള ചിത്രം. ഇതിന് പുറമേ താരത്തിന്റെ തഗ്സ് എന്ന തമിഴ് ചിത്രവും റിലീസായിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, മിയ എന്നിവരായിരുന്നു പ്രണയവിലാസത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.പ്രണയത്തോടുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് അനശ്വരയിപ്പോള്‍.

പ്രണയകഥകളും പ്രണയസിനിമകളും കാണാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും എവിടെപ്പോയാലും തന്റെ ബാഗില്‍ ഒരു ലൗ സ്റ്റോറി ബുക്ക് കാണുമെന്നുമാണ് അനശ്വര പറയുന്നത്. വനിതക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘കുട്ടിക്കാലം മുതല്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാനായാലും സിനിമ കാണാനായാലും എനിക്കിഷ്ടം പ്രണയകഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗില്‍ ഒരു ലവ്‌ സ്റ്റോറി കാണും. മിക്കവാറും ഇംഗ്ലീഷ് പുസ്തകങ്ങളായിരിക്കും. പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണിഷ്ടം. ചെറിയ പ്രണയാനുഭവങ്ങളൊക്കെ എനിക്കുമുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തില്‍ ഇതുവരെ ചെന്നു പെട്ടിട്ടില്ല,’ അനശ്വര പറഞ്ഞു.

തന്നെക്കുറിച്ചോര്‍ത്ത് അമ്മക്ക് നല്ല പേടിയുണ്ടെന്നും പ്രണയിച്ച് എപ്പോഴാണ് വീട്ടില്‍ നിന്നിറങ്ങിപ്പോകുക എന്നൊക്കെ അമ്മ ചിന്തിച്ചു കൂട്ടുന്നുണ്ടായിരിക്കുമെന്നും, എന്തൊക്കെ പറഞ്ഞാലും തന്നെ നന്നായി മനസ്സിലാവുന്നത് അമ്മക്കാണെന്നും താരം പറഞ്ഞു.

സാധാരണ പ്രണയ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് പ്രണയവിലാസമെന്നും അതില്‍ പല ജോഡികളുടെ പ്രണയമുണ്ടെന്നും താരം പറഞ്ഞു.

‘എന്റെ മറ്റൊരു പ്രണയചിത്രമെന്ന് പ്രണയവിലാസത്തെ വിശേഷിപ്പിക്കാന്‍ പ്രയാസമാണ്. കാരണം അതില്‍ പല ജോഡികളുടെ പ്രണയമുണ്ട്. അഗാധമായ, പക്വതയുള്ള, കുട്ടിക്കളിയായി മാറുന്ന, വിവാഹ ശേഷമുള്ള പല പ്രായത്തിലുള്ള വ്യത്യസ്തമായ പ്രണയങ്ങള്‍,’ അനശ്വര പറഞ്ഞു.

Content Highlights: ‘Wherever I go, I will find a love story in my hand’: Anaswara Rajan