| Saturday, 3rd November 2018, 11:28 am

മോദീ, തരാമെന്നു പറഞ്ഞ ജോലി എവിടെ ? ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കളുടെ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിനു മുമ്പ് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന ചോദ്യവുമായി പാര്‍ലമെന്റിലേക്ക് പ്രതിഷേധമാര്‍ച്ച്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് യുവാക്കളുടെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

“എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോദീ?” എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച്. “മോദി വേണ്ട, മറ്റൊരു തട്ടിപ്പുവേണ്ട” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവാക്കള്‍ മാര്‍ച്ചു നടത്തുന്നത്.

ഓരോവര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ എന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് മോദി നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന്റെ പത്തുശതമാനം പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൊഴിലില്ലായ്മ വലിയതോതില്‍ ഉയരുകയാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരത്ത് 7.1% ആണ്. തൊഴിലവസരങ്ങള്‍ കാത്തുകിടക്കുന്ന 30ലക്ഷത്തിലേറെ പേര്‍ ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more