ന്യൂദല്‍ഹി: മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ അകപ്പെട്ടുപോയപ്പോള്‍ സഹായിക്കാന്‍ ഒരാളേയും കണ്ടില്ലല്ലോയെന്നും ആളുകളെ ആവശ്യപ്പെടുന്ന സമയത്ത് സഹായിക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും രാഹുല്‍ പറഞ്ഞു.
ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസില്‍ മുംബൈ കോടതിയില്‍ ഹാജരാകാനായി എത്തിയപ്പോഴായിരുന്നു രാഹുല്‍ പ്രവര്‍ത്തകരുമായി സംസാരിച്ചത്.
”മുംബൈ നഗരം മുഴുവന്‍ വെള്ളത്തിനടിയില്‍പ്പെട്ടുപോയപ്പോള്‍ നിങ്ങള്‍ എല്ലാം എവിടെയായിരുന്നു? ആളുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കേണ്ടവരാണ് നമ്മള്‍. അങ്ങനെ മാത്രമേ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കുകയുള്ളൂ.” രാഹുല്‍ പറഞ്ഞു.
മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരായിരുന്നു അനുഗമിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചതായുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ആദ്യമായിട്ടായിരുന്നു രാഹുല്‍ പ്രവര്‍ത്തകരെ കണ്ടത്. രാഷ്ട്രീയ സഖ്യങ്ങള്‍ക്കപ്പുറത്തായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാര്‍ട്ടിയെ അത്തരത്തില്‍ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ആലോചിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോടായി പറഞ്ഞു.
പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ എന്തെല്ലാമാണ് തങ്ങള്‍ ചെയ്യേണ്ടത് എന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും വരാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് നിര്‍ദേശിച്ചു.
മുംബൈയിലെ കോരിച്ചൊരിയുന്ന ഈ മഴയത്ത് എനിക്ക് പിന്തുണയുമായി, അനീതിക്കും വെറുപ്പിനും അക്രമത്തിനുമെതിരായ എന്റെ തുടര്‍പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
ഞാന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ആക്രമണങ്ങള്‍ വരുന്നത് ആസ്വദിക്കുന്നു.- എന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയില്‍ സംസാരിച്ചെന്ന പരാതിയിലായിരുന്നു കോടതി ഇന്നലെ രാഹുലിനെ വിളിച്ചുവരുത്തിയത്.
ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുംബൈ സ്വദേശി ധ്രുതിമാന്‍ ജോഷിയാണ് പരാതിക്കാരന്‍. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.