ന്യൂദല്‍ഹി: ലഫ്‌നന്റ് ഗവര്‍ണറുടെ ഓഫീസില്‍ പ്രതിഷേധിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. നേതൃത്വം. കെജ്‌രിവാളിനു പിന്തുണയുമായെത്തിയ എന്‍.ഡി.എയ്ക്കു പുറത്തുള്ള മന്ത്രിമാര്‍ ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെതിരെ അതിക്രമമുണ്ടായപ്പോള്‍ എവിടെയായിരുന്നു എന്നു ചോദിച്ചാണ് ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ മുന്നോട്ടു വന്നിരിക്കുന്നത്.
“ഈ നാലു നേതാക്കളും തലസ്ഥാനത്തെത്തിയിരിക്കുന്നത് നീതി ആയോഗ് മീറ്റിങ്ങിനാണ്, അല്ലാതെ രാഷ്ട്രീയം സംസാരിക്കാനല്ല. അവരുടെ പ്രവര്‍ത്തി തീര്‍ത്തും അനുചിതമായിരുന്നു.” ഗോയല്‍ പറഞ്ഞു. “കെജ്‌രിവാളിന്റെ വസതിയില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് അപമാനിക്കപ്പെട്ടപ്പോള്‍ ഇവരെല്ലാം എവിടെയായിരുന്നു? പ്രകാശിനു പിന്തുണയുമായി ഈ സംസ്ഥാനങ്ങളിലെയെല്ലാം ചീഫ് സെക്രട്ടറിമാര്‍ ഒന്നിച്ചെത്തിയിരുന്നെങ്കില്‍ എന്തായേനെ അവസ്ഥ?” വിജയ് ഗോയല്‍ ചോദിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരോടൊപ്പം പിണറായി വിജയനും ഇന്നലെ കെജ്‌രിവാളിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടിരുന്നു.
Also Read: ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരം ഉടന്‍ നല്‍കണം: പൊലീസില്‍ അടിയന്തര സര്‍ക്കുലര്‍
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിശാലസഖ്യം രൂപീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കേയാണ് നാലു പാര്‍ട്ടികളില്‍ നിന്നുള്ള പ്രാദേശിക നേതാക്കള്‍ കെജ്‌രിവാളിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്നാല്‍, കെജ് രിവാളിന്റെ സമരത്തിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ രംഗത്തു വന്നിരുന്നു.
തലസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളും ക്യാബിനറ്റംഗങ്ങളും രാജ് നിവാസിലെ അതിഥിമുറിയില്‍ ഇരുന്നു പ്രതിഷേധിക്കുകയാണ്. അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത വിഷയത്തില്‍ കെജ്‌രിവാള്‍ മാപ്പു പറയണമെന്ന ആവശ്യം മുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ യോഗങ്ങള്‍ക്കു പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു.