| Tuesday, 7th January 2025, 5:21 pm

അന്‍വറിനെതിരെ ആര്യാടന്‍ ഷൗക്കത്ത്; നിലമ്പൂരില്‍ കാട്ടാന ആക്രമണങ്ങള്‍ നടക്കുമ്പോള്‍ എവിടെയായിരുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വര്‍ എവിടെയായിരുന്നെന്ന് ഷൗക്കത്ത് ചോദിച്ചു. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അന്‍വര്‍ കണ്ടില്ലെന്നും ഷൗക്കത്ത് വിമര്‍ശിച്ചു.

നിലമ്പൂരിലെ ആദിവാസി പ്രശ്‌നങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തങ്ങള്‍ എല്ലാവരും കഴിഞ്ഞ ഒമ്പത് കൊല്ലമായി സമരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ജനവാസകേന്ദ്രത്തിലെ വന്യജീവി സങ്കേതത്തിനെ ഏറ്റവും ശക്തമായി എതിര്‍ത്തത് തന്റെ പിതാവ് ആര്യാടന്‍ മുഹമ്മദ് ആണെന്നും തന്റെ ശവത്തില്‍ ചവിട്ട് മാത്രമെ അത് നടപ്പിലാക്കാന്‍ കഴിയൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

‘ഇവിടുത്തെ കര്‍ഷകര്‍ ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. 2019ല്‍ പ്രളയത്തില്‍ വീട് നഷ്ട്‌പ്പെട്ട പോത്തുങ്കല്‍ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും കാട്ടില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള വീടുകളിലാണ്.

ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഒന്നും തന്നെ അന്‍വറിനെ കണ്ടിട്ടില്ല. പ്രക്ഷോഭങ്ങള്‍ പ്രതിഷേധങ്ങള്‍, വാര്‍ത്തകള്‍ എന്നിവ ഉണ്ടായപ്പോഴൊന്നും അന്‍വര്‍ പ്രതികരിച്ചില്ല. സര്‍ക്കാരോ നിലമ്പൂര്‍ എം.എല്‍.എയോ പ്രതികരിച്ചില്ല,’ ഷൗകത്ത് പറഞ്ഞു.

നിലമ്പൂര്‍ ബൈപ്പാസിന്റേയും കെ.എഎസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റേയും അവസ്ഥ എന്താണെന്നും ഷൗക്കത്ത് ചോദിച്ചു. അന്‍വര്‍ ഇപ്പോള്‍ പറയുന്നു പാര്‍ട്ടി ചെയ്യാന്‍ അനുവദിച്ചില്ലെന്ന്. എന്നാല്‍ പാര്‍ട്ടി പറയുന്നത് അന്‍വറിന്റെ കഴിവ് കേടാണെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ്. നേതാക്കളെ അന്‍വര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ച എവിടേയും നടന്നിട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Content Highlight: Where was P.V. Anwar when the people in Nilambur protesting against elephant attacks asks Aryadan shoukath

We use cookies to give you the best possible experience. Learn more