| Monday, 19th August 2024, 8:55 pm

മണിപ്പൂർ കലാപം; അവർ ബലാൽസംഗം ചെയ്യപ്പെട്ടതിന്റെ തെളിവെവിടെ, മുഖ്യമന്ത്രി ബീരേൻ സിങ്ങിൻ്റേതെന്ന് പറയപ്പെടുന്ന ഓഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂരിൽ ലൈംഗിക ആക്രമണത്തിനിരയായ സ്ത്രീകൾക്കെതിരെയുള്ള മുഖ്യമന്ത്രി ബീരേൻ സിങ്ങിൻ്റേതെന്ന് പറയപ്പെടുന്ന ഓഡിയോ പുറത്ത്. ദി വയർ ആണ് ഓഡിയോ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

2023 മെയ് മാസത്തിൽ കാങ്‌പോക്‌പി ജില്ലയിൽ ജനക്കൂട്ടം കുക്കി വിഭാഗത്തിൽ ഉള്ള രണ്ട സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തുകയും ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരികയും അതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വനിതാ സംഘടനയായ മീരാ പൈബി ഉൾപ്പെടെ നിരവധി മെയ്‌തേയ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നു. പ്രധാന പ്രതികൾ ഉൾപ്പെടെ വീഡിയോയിൽ ഇടംപിടിച്ച പുരുഷന്മാർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ യുവതികൾ ബലാത്സംഗത്തിനിരയായതിന് എന്ത് തെളിവാണ് ഉള്ളതെന്നും അവരെ മെയ്തെയി പുരുഷന്മാർ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പറയുന്നു. ശബ്ദ സന്ദേശം മുഖ്യ മന്ത്രി ബീരേന് സിങ്ങിന്റെതാണെന്നാണ് ദി വയർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന മീറ്റിങിനിടെ ലഭിച്ച ശബ്ദ സന്ദേശമാണിതെന്നും വയർ അവകാശപ്പെടുന്നുണ്ട്.

അതോടൊപ്പം ഗുവാഹത്തി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിക്ക് ഓഡിയോ ക്ലിപ്പ് സമർപ്പിച്ചിട്ടുണ്ടെന്നും വയർ പറഞ്ഞു. മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മീഷൻ ആണിത്.

48 മിനിറ്റ് ദൈർഖ്യമുള്ള ഓഡിയോ ക്ലിപ്പിൽ മെയ്തെയി വിഭാഗത്തിൽപ്പെട്ട ആളുകളോടാണ് ബീരേന് സിങ്ങിന്റേതെന്ന് പറയപ്പെടുന്ന ശബ്ദം ഉള്ള വ്യക്തി സംസാരിക്കുന്നത്. കുക്കി സ്ത്രീകളെ രക്ഷിക്കുകയായിരുന്നെന്നും അവരെ രക്ഷിച്ചതിന് മെയ്തെയി പുരുഷന്മാർക്ക് പാരിതോഷകം നൽകണമെന്നും ഓഡിയോയിൽ പറയുന്നു.

‘അവർ ബലാത്സംഗത്തിനിരയായി എന്നതിന് തെളിവ് എവിടെ? അവരുടെ സഹോദരനെയും അമ്മാവനെയും ആരൊക്കെയോ കൊലപ്പെടുത്തി എന്നല്ലേ പറഞ്ഞത്. എന്നാൽ അവരെ രക്ഷിച്ചത് ഞങ്ങളാണ്, ഞങ്ങൾ മെയ്തെയ്കളാണെന്ന് എന്ന് എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല. അവരെ രക്ഷിച്ചതും അവർക്ക് വസ്ത്രം നൽകിയതിൻ്റെയും വീട്ടിലേക്ക് തിരിച്ച് അയച്ചതിന്റെയും ക്രെഡിറ്റ് നമ്മൾ എടുക്കണമായിരുന്നു.

നോക്കൂ ചിത്രങ്ങൾ വെറും ചിത്രങ്ങൾ മാത്രമാണ് അതിൽ കൈ അങ്ങോട്ടുമിങ്ങോട്ടും വച്ചിരിക്കുന്നത് കാണാം. പക്ഷേ അത് യാഥാർത്ഥ്യമാകണമെന്നില്ല. അവരെ രക്ഷിച്ചതിന് മെയ്‌തെയ് യുവാക്കൾക്ക് പ്രതിഫലം നൽകുകയാണ് വേണ്ടത്,’ ഓഡിയോയിൽ പറയുന്നു.

Content Highlight: Where’s the Proof They Were Raped?’, Biren Allegedly Says of Kuki Women Paraded Naked, ‘Reward Those Arrested for Saving Them’

We use cookies to give you the best possible experience. Learn more