|

പുറത്തേക്ക് വരാന്‍ മടിച്ച് കിം; 48 തവണയോളം പൊതുജനങ്ങളുടെ മുന്നിലെത്തുന്ന കിം 2020 ല്‍ വന്നത് 4 തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതു ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഗണ്യമായ കുറവ്. 2020 ല്‍ നാലു തവണ മാത്രമാണ് കിം പൊതുപരിപാടിയില്‍ പങ്കെടുത്തത്. പൊതുവിടങ്ങളില്‍ നിന്നും കിം ഇത്രയധികം അകലം പാലിച്ച സംഭവം അപൂര്‍വ്വമാണെന്നാണ് രാഷട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഉത്തരകൊറിയന്‍ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്ന സിയൂളിലെ കൊറിയ റിസക് ഗ്രൂപ്പിന്റെ സി.ഇ.ഒ ട്വിറ്ററില്‍ വ്യക്തമാക്കിയ കണക്കു പ്രകാരം കിം ഇതിനു മുമ്പ് പൊതുവിടങ്ങളില്‍ നിന്നും മാറി നിന്നത് 2017 ലാണ്. പക്ഷെ അന്ന് 21 പൊതു സന്ദര്‍ശനം കിം നടത്തിയിട്ടുണ്ട്. 2012 ല്‍ 48 തവണയാണ് കിം പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.

ലോകവ്യാപകമായുള്ള കൊവിഡ് ബാധ കണക്കിലെടുത്താണ് കിം പുറത്തിറങ്ങാത്തതെന്നാണ് ഒരു വിഭാഗം നിരീക്ഷകര്‍ പറയുന്നത്. അതേ സമയം കൊവിഡിനു മുമ്പേ പദ്ധതിയിട്ട രാഷ്ട്രീയ നീക്കങ്ങളുടെയും സാമ്പത്തിക പദ്ധതികളുടെയും പണിപ്പുരയിലാണ് കിം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

‘ കൊവിഡ് രാജ്യത്തിന്റെ ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. പക്ഷേ രാജ്യത്തെ മാധ്യമങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ഇത്തരത്തിലുള്ള വാദങ്ങളെ തള്ളിക്കളയുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ ആശങ്ക ഉയര്‍ന്നതായി കരുതുന്നില്ല,’ അമേരിക്കയിലെ മുന്‍ ഉത്തരകൊറിയന്‍ സോര്‍സ് ഇന്റലിജന്‍സ് നിരീക്ഷകയായ മിന്യോങ് ലീ അല്‍ ജസീറയോട് പറഞ്ഞു.

നേരത്തെ കിമ്മിന്റെ മാറി നില്‍ക്കല്‍ പലവിധ അഭ്യഹങ്ങള്‍ക്ക് കാരണമായെങ്കിലും മെയ് 1 ന്  പൊതുപരിപാടിയില്‍ പങ്കെടുത്തത് കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നും മരണപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക