പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും രാഷ്ട്രീയക്കാരും നിയമത്തിന് അതീതരാണോ? പരംബീര്‍ സിംഗിനോട് ബോംബെ ഹൈക്കോടതി
national news
പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും രാഷ്ട്രീയക്കാരും നിയമത്തിന് അതീതരാണോ? പരംബീര്‍ സിംഗിനോട് ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 4:23 pm

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിംഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോടതി. മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഇട്ടില്ലെന്ന് കോടതി ചോദിച്ചു.

കേസ് അന്വേഷിക്കണമെങ്കില്‍ എഫ്.ഐ.ആര്‍ വേണമെന്നും ആരാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും തടയുന്നതെന്നും കോടതി പരംബീര്‍ സിംഗിനോട് ചോദിച്ചു.

”അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള നിര്‍ദ്ദേശം നിങ്ങള്‍ ആവശ്യപ്പെടുന്നു. സി.ബി.ഐക്ക് കൈമാറാന്‍ എഫ്.ഐ.ആറും അന്വേഷണവും എവിടെയാണ്?” കോടതി ചോദിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം നിയമത്തിന് അതീതരാണോ എന്നും വാദത്തിനിടെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ ദത്ത ചോദിച്ചു.

ഐ.പി.എസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.

മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Where’s FIR?… Are You Above Law?”: High Court Chides Ex Mumbai Top Cop