ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം. ജൂലൈ 14നാണ് സംഭവം നടന്നത്.
പ്രദേശത്തെ ഒരു വസതിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗം മതപരിവര്‍ത്തനമാണെന്ന് ആരേപിച്ചാണ് ആക്രമണം ഉണ്ടായത്. കൂട്ട മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
സ്ഥലത്ത് ഉണ്ടായിരുന്ന സത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ സംഘം ആക്രമിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീടിനകത്ത് ഉണ്ടായിരുന്ന കുരുശ് ചവിട്ടി നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായ ഒരു സ്ത്രീയെ അവരുടെ താലി മാലയും സിന്ദൂരവും എവിടെയെന്ന് ചേദിച്ച് സംഘം ഭീഷണിപ്പെടുത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെ ചിത്രീകരിച്ച വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്രിസ്ത്യാനികള്‍ പ്രദേശത്തെ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാക്കുകയാണെന്ന് അക്രമികളിൽ ഒരാള്‍ വിളിച്ച് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചത് പോലെ പ്രദേശത്ത് മതപരിവർത്തനം നടന്നിട്ടില്ലെന്ന് ഡെറാഡൂണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 11 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
എന്നാല്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ കുട്ടികളോടടക്കം മോശമായി പെരുമാറിയെന്നാണ് സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ തലയ്ക്കടിച്ചുകൊണ്ട് എന്തിനാണ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തതെന്ന് സംഘം ചോദിച്ചെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
Content Highlight: ‘Where is your sindoor’, Hindutva mob attacks Christian prayer meet in Dehradun